മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള അവഗണനയ്‌ക്കെതിരെ ജില്ലയില്‍ സംയുക്ത സമരസമിതി കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാനസിക വെല്ലുവിളികള്‍ ഉള്ള കുട്ടികള്‍ പഠിക്കുന്ന 314 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരെ കാലാകാലങ്ങളായി ഭരിക്കുന്ന സര്‍ക്കാറുകള്‍ അവഗണിക്കുന്ന നിലപാടാണ് തുടര്‍ന്നു പോരുന്നത്. ഒരേ യോഗ്യതയുള്ള അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ലഭ്യമാക്കുന്നത് 4500 മുതല്‍ 1500 രൂപ വരെയാണ്. എന്നാല്‍, ബഡ്‌സ് സ്‌കൂളുകളില്‍ 30,650 രൂപയും ഐ ഇ ഡിയില്‍ 28,500 രൂപയും ലഭിക്കുന്നു. ആയമാര്‍ക്ക് ബഡ്‌സ് സ്‌കൂളില്‍ 17325 രൂപ ലഭിക്കുമ്പോള്‍ സ്പെഷ്യല്‍ സ്‌കൂളില്‍ ലഭിക്കുന്നത് 2500 മുതല്‍ 3500 രൂപ വരെയാണ്. മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നിവയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ഒരു വര്‍ഷം ചിലവഴിക്കുന്നത് 6500 രൂപ മാത്രമാണ്. എന്നാല്‍, ശ്രവണ, കാഴ്ച്ച വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം 1,25,000 രൂപ ചിലവാക്കുന്നുണ്ട്. ഇതിനെതിരെ ഇതു വരെയും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്‌പെഷ്യല്‍ സ്‌കൂള്‍ സമഗ്ര പാക്കേജ് നടപ്പിലാക്കുക, എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പിലാക്കുക, സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനവും ക്ഷേമനിധിയും ജോലി സ്ഥിരതയും ഉറപ്പുവരുത്തുക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും പുനരധിവാസവും ഉറപ്പുവരുത്തുക എന്നതാണ് ധര്‍ണയില്‍ സമിതി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.