കല്‍പ്പറ്റ: പ്രളയം വിതച്ച ദുരന്തങ്ങളെ മറികടക്കുന്ന വയനാട്ടില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് ജനുവരി 20 ന് നടത്തുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന 100ല്‍ അധികം ആളുകളുള്ള സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഏകദിന മെഗാ മെഡിക്കല്‍ ക്യാമ്പിന് സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ പറഞ്ഞു. സമഗ്രമായ ഈ ക്യാമ്പില്‍ നിരവധി സ്‌പെഷ്യാലിറ്റി ചികിത്സകളാണ് സൗജന്യമായി നല്‍കുന്നത്.
പരിശോധനയ്ക്ക് വിധേയരാകുന്നവരില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സൗജന്യമായി അള്‍ട്രാ സൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍, എക്‌സറേ, ഇ.സി.ജി, എക്കോ ടെസ്റ്റ്, മൈനര്‍ സര്‍ജറികള്‍, ദന്ത ശസ്ത്രകിയകള്‍, തിമിര ശസ്ത്രക്രിയകള്‍, കണ്ണടകള്‍, മരുന്നുകള്‍, എന്നിവ സൗജന്യമായി ലഭ്യമാക്കും. അതിനു പുറമേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വരുന്ന ഒരു വര്‍ഷ കാലയളവിലുളള ചികിത്സകളും മരുന്നുകളും സൗജന്യമായി നല്‍കാനുളള സന്നദ്ധത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കൊച്ചി യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാട്, ഐ.എം.എ.കൊച്ചി, കോംട്രസ്റ്റ് ഐ കെയര്‍, ഡി.എം.വിംസ് വയനാട് എന്നിവര്‍ ക്യാമ്പിനാവശ്യമായ സൗകര്യങ്ങളും വിദഗ്ദ്ധരുടെ സേവനങ്ങളും ഉറപ്പാക്കും. ജനറല്‍ മെഡിസിന്‍, ശ്വാസകോശ വിഭാഗം, ത്വക് രോഗവിഭാഗം, ഇ എന്‍ ടി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, കാന്‍സര്‍ വിഭാഗം, അസ്ഥിരോഗ വിഭാഗം, മസ്തിഷ്‌കരോഗ വിഭാഗം, വാതരോഗ വിഭാഗം, ഉദരരോഗ ശസ്ത്രക്രിയ വിഭാഗങ്ങള്‍, നേത്രരോഗവിഭാഗം, ഹൃദയരോഗ വിഭാഗം, ജനറല്‍ സര്‍ജറി വിഭാഗം, വൃക്കരോഗ ശസ്ത്രക്രിയ വിഭാഗങ്ങള്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം, മാനസികരോഗ ചികിത്സാ വിഭാഗം എന്നീ സ്‌പെഷ്യാലിറ്റി ചികിത്സകളാണ് ക്യാമ്പില്‍ ലഭ്യമാകുന്നത്. ഡെപ്യൂട്ടി ഡോ. നൂന മര്‍ജ, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫീസര്‍ ഡോ: ബി. അഭിലാഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.