14 രാജ്യങ്ങള്‍ പിന്നിട്ട് ഇന്ത്യയിലെത്തിയ അഞ്ചംഗ സംഘത്തിന് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കി

0

ലണ്ടനില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ 57-ാം ദിവസം വയനാട്ടിലെത്തിയ അഞ്ചംഗ മലയാളി സംഘത്തിന് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.കുറിച്ച്യ പോരാളികളുടെ വീര സ്മൃതികളുറങ്ങുന്ന അത്തിക്കൊല്ലി തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങ് യാത്രികര്‍ക്ക് വേറിട്ട അനുഭവമായി.സ്വീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ലൈഫ് ഈസി ഡയറക്ടര്‍ അഡ്വ. അംജദ് ഫൈസി അധ്യക്ഷത വഹിച്ച സംഘത്തിലെ മൂന്നുപേര്‍ യു.കെ.പൗരന്മാര്‍, രണ്ടുപേര്‍ ദുബായിയില്‍ ജോലിചെയ്യുന്നവര്‍.യു.കെ. പൗരന്മാരായ കോട്ടയ്ക്കല്‍ എടരിക്കോട് നാറത്തടം.പാറമ്മല്‍ ഹൗസില്‍ മോയ്തീന്‍, കാടമ്പുഴ മാറാക്കര മേലേതില്‍ സുബൈര്‍, കരേക്കാട് വടക്കേപീഡിയക്കല്‍ മുസ്തഫ, ദുബായില്‍ ജോലിചെയ്യുന്ന കോട്ടയ്ക്കല്‍ കുറ്റിപ്പാല ഷാഫി തൈക്കാടന്‍, ഹുസൈന്‍ കുന്നത്ത് എന്നിവരാണ് പാകിസ്താന്‍ ഉള്‍പ്പടെ ചുറ്റിസഞ്ചരിച്ച് ഇന്ത്യയിലെത്തിയിരിക്കുന്നത്.

കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് സംവിധായകന്‍ ലാല്‍ജോസ് 2014-ല്‍ നടത്തിയ യാത്രയില്‍ നിന്നാണ് അഞ്ചുസുഹൃത്തുക്കളുടെ യാത്രയുടെ തുടക്കം. അഞ്ചുലക്ഷം രൂപയാണ് ആളൊന്നിനു യാത്രക്കായി വകയിരുത്തിയത്. ദുബായില്‍ ജോലിചെയ്യുന്ന രണ്ടുപേര്‍ കൂടി ലണ്ടനിലെത്തിയതോടെ സെപ്റ്റംബര്‍ 18-ന് യാത്ര ലണ്ടനില്‍നിന്ന് കിക്ക് ഓഫ് ചെയ്തു.

ലണ്ടനില്‍നിന്ന് തുടങ്ങി, ഫ്രാന്‍സ്, ലക്‌സന്‍ബര്‍ഗ്, ജര്‍മനി, ഓസ്ട്രിയ, സ്ലോവീനിയ, ക്രോയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ്, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക്. ലണ്ടനില്‍നിന്ന് ഏറ്റവും കുറഞ്ഞദിവസം കൊണ്ട് ഇന്ത്യയിലേക്ക് എത്തുന്ന പാതയാണ് തിരഞ്ഞെടുത്തതെന്ന് അഞ്ചംഗ സംഘം പറയുന്നു. മെഴ്‌സിഡസ് വി-ക്ലാസ് വാഹനമാണ് തിരഞ്ഞെടുത്ത്. പോര്‍ട്ടബിള്‍ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്‍ഡും ഉള്‍പ്പടെ സകലതും വാഹനത്തിനുള്ളില്‍ തയാറാക്കി.

യാത്രയുടെ തയാറെടുപ്പുകള്‍ക്കും യാത്രയിലുടനീളവും ഗൂഗിളായിരുന്നു പ്രധാന സഹായി. സംഘത്തില്‍ മൂന്നുപേര്‍ ഡ്രൈവിങ് മേഖലയില്‍ ജോലിചെയ്യുന്നവരായതിനാല്‍തന്നെ യാത്ര കൂടുതല്‍ സുഗമമായി. താമസമെല്ലാം എത്തിപ്പെടുന്ന രാജ്യങ്ങളിലെ ഹോട്ടലുകളിലായിരുന്നു. യു.കെ.പൗരന്മാരായ മൂന്നുപേര്‍ക്കും വിസ ആവശ്യമായി വന്നത് ഇറാനിലും പാകിസ്താനിലും മാത്രമാണ്. മറ്റുരണ്ടുപേര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രത്യേക വിസ കൂടി വേണ്ടിവന്നു യാത്രക്കായി.വെള്ളമുണ്ട അത്തിക്കൊല്ലി മുറ്റത്ത് നടന്ന ചടങ്ങില്‍ അമ്പും വില്ലും നല്‍കിയാണ് ജുനൈദ് കൈപ്പാണി യാത്രക്കാരെ വരവേറ്റത്.കേരളത്തിലേക്ക് തിരിച്ചെത്തിയപ്പപ്പോള്‍ ആദ്യമായി വയനാട് വെള്ളമുണ്ടയില്‍ ലഭിച്ച വരവേല്‍പ്പിനും സ്വീകരണ ചടങ്ങിനും നന്ദി പറഞ്ഞും അനുഭവങ്ങള്‍ പങ്ക് വെച്ചും യാത്ര സംഘം സന്തോഷത്തോടെ ജന്മനാടായ മലപ്പുറത്തേക്ക് മടങ്ങി.ഷമീം വെട്ടന്‍, റാഫി കെ. എം,ദ്വാരപ്പന്‍ മൂപ്പന്‍,കേളു അത്തികൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!