വിവാഹ ദിനത്തില്‍ പാലിയേറ്റിവിന് ആംബുലന്‍സ് വാങ്ങാന്‍ ധനസഹായം നല്‍കി നവദമ്പതികള്‍
വിവാഹ ദിനത്തില്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം പെയ്ന്‍ & പാലിയേറ്റിവിന് ആംബുലന്‍സ് വാങ്ങാനായി നല്‍കി നവ ദമ്പതികള്‍ മാതൃകയായി.മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ ജേക്കബ് സെബാസ്റ്റിന്റെയും സി.ടി ലൂസിയുടെയും മകനായ അഖിലും നവവധു അഞ്ചുവുമാണ് തങ്ങളുടെ ഒരു മാസത്തെ ശമ്പളം മാനന്തവാടി പ്രസ്സ് ക്ലബ്ബിന് കൈമാറിയത്.പ്രസ് ക്ലബ്ബ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ തുക ഏറ്റുവാങ്ങി.
മാനന്തവാടി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡറി പാലിയേറ്റിവിന് ആംബുലന്‍സ് ഇല്ലാതായിട്ട് ആറ് മാസത്തിലധികമായി. 150 ലേറെ കിടപ്പു രോഗികളെയായിരുന്നു പെയ്ന്‍ ആന്റ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ ശുശ്രൂഷിച്ചിരുന്നത്. എന്നാല്‍ ആംബുലന്‍സ് ഇല്ലാതായതോടെ പാലിയേറ്റിവ് പ്രവര്‍ത്തനംപ്രതിസന്ധിയിലായിരുന്നു.ഈ ഒരുസാഹചര്യത്തിലായിരുന്നു പാലിയേറ്റിവിന് ഒരു ആംബുലന്‍സ് എന്ന ആശയം പ്രസ്സ് ക്ലബ്ബ് ഏറ്റെടുത്തത് ഇതിലേക്കുള്ള ആദ്യ തുകയാണ് വിവാഹ ദിനത്തില്‍ അഖിലും അഞ്ചുവും കൈമാറിയത്. വിവാഹദിനത്തില്‍ ഇത്തരം സത്കര്‍മ്മത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുള്ളതായും കുടുംബം പറഞ്ഞു. വിവാഹ വേദിയില്‍ വച്ച് മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു ആദ്യ തുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. എഡിഎം എന്‍ ഐ ഷാജു, നഗരസഭാ ചെയര്‍ പേഴ്സന്‍ സി കെ. രത്നവല്ലി മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി വി എസ് മുസ, പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ അരുണ്‍ വിന്‍സെന്റ്, സുരേഷ് തലപ്പുഴ, അശോകന്‍ ഒഴക്കോടി, ബിജു കിഴക്കേടം, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, കെ എം ഷിനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം അവസാനത്തോടെ ആംബുലന്‍സ് കൈമാറാനുള്ള ശ്രമത്തിലാണ് മാനന്തവാടി പ്രസ്സ് ക്ലബ്ബ്.