ജില്ലാ കളക്ടര്‍ ലൈവ്: പരാതികള്‍ക്ക് പരിഹാരം

0

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി.ലൈവിന് ജില്ലയില്‍ മികച്ച തുടക്കം. ആദ്യഘട്ടത്തില്‍ 60 പരാതികള്‍ക്ക് തത്സമയം പരിഹാരം കാണാനായതോടെ ജില്ലയിലെ നൂതന പരാതി പരിഹാര സംവിധാനം ലക്ഷ്യത്തിലെത്തി. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ ആദ്യഘട്ടത്തിലാണ് മാനന്തവാടി, വൈത്തിരി താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ മാനന്തവാടി താലൂക്കില്‍ നിന്നും ലഭിച്ച 44 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചു. 16 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വൈത്തിരി താലൂക്കില്‍ ലഭിച്ച 49 പരാതികളില്‍ 32 എണ്ണം തീര്‍പ്പാക്കി. 17 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് തല അദാലത്ത് വരും ദിവസങ്ങളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റില്‍ വരാതെ തൊട്ടടുത്ത അക്ഷയകേന്ദ്രങ്ങളിലൂടെ ജില്ലാ കളക്ടറുമായി പരാതികള്‍ പങ്കുവെക്കാന്‍ കഴിഞ്ഞു. എ.ഡി.എം എന്‍ ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. എഴുതി തയ്യാറാക്കിയ പരാതികളും അപേക്ഷകളും അക്ഷയകേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചാണ് അദാലത്ത് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!