ദേശീയ പാതയോരത്തെ കടകളുടെ പൂട്ടുപൊളിച്ചും ആരാധനാലയങ്ങളില്‍ കയറിയും മോഷ്ടാക്കള്‍. ഇന്ന് പുലര്‍ച്ചെ മീനങ്ങാടി കാക്കവയലിലെ മങ്ങാടന്‍ ചിക്കന്‍ സ്റ്റാളില്‍ കയറിയ മോഷ്ടാവ് 4000 രൂപ അപഹരിച്ചു.കാറിലെത്തിയ യുവാക്കളാണ് സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയത്. 2 പേര്‍ മേശകളുടെ പൂട്ട് തകര്‍ക്കുന്ന ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പറും അവ്യക്തമായാണ് പതിഞ്ഞത്.കഴിഞ്ഞ ആഴ്ച വാര്യാട് മുസ്ലീം പള്ളിയിലും,പാറക്കല്‍, എടപ്പട്ടി പ്രദേശങ്ങളിലും മോഷണവും മോഷണശ്രമങ്ങളും നടന്നിരുന്നു..
പാറക്കലില്‍ പച്ചക്കറിക്കടയിലും, വാര്യാട് പ്രവര്‍ത്തിക്കുന്ന ബീഫ് വ്യാപാര സ്ഥാപനത്തിലും മോഷ്ടാക്കള്‍ ഇതേ ദിവസം തന്നെ കയറിയിട്ടുണ്ട്.ഇവിടെ നിന്ന് പതിനായിരം രൂപയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ വാര്യാട് പള്ളിയിലും എടപ്പട്ടിയിലെ വ്യാപാര സ്ഥാപനത്തിലും മോഷണശ്രമം നടന്നതായും പറയുന്നുണ്ട്. മീനങ്ങാടി- കല്‍പറ്റ പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷ്ടാക്കളെ പിടികൂടുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
കാക്കവയല്‍ ടൗണിലെ ഹൈമാസ് ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് ടൗണില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇത് മോഷ്ടാക്കള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അനുകൂല സാഹചര്യം ഒരുക്കുകയാണെന്ന ആരോപണവും ശക്തമാണ്.