ബത്തേരി രാജീവ് ഗാന്ധി മിനിബൈപ്പാസ് ഓരത്താണ് ചാക്കില്‍കെട്ടി ചായക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളിയത്. സംഭവമറിഞ്ഞ് നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഹെല്‍ത്ത് വിഭാഗം മാലിന്യം നീക്കം ചെയ്തു. പൊലിസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസിന്റെ ഓരങ്ങളിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മാലിന്യങ്ങള്‍. മൂന്നൂറ് മീറ്റര്‍ ദൂരത്തില്‍ പലയിടങ്ങളിലായാണ് മാലിന്യങ്ങള്‍ ഉണ്ടായിരുന്നത്. ചായക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും പാലിന്റെ കവറുകളും ഭക്ഷണാവിശിഷ്ടങ്ങളുമൊക്കെയാണ് ചാക്കില്‍കെട്ടി പാതയോരത്തേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍ കെ. സി യോഹന്നാന്‍, ഹെല്‍ത്ത് വിഭാഗം അധികൃതരും സ്ഥലത്തെത്തി. പിന്നീട് നഗരസഭയുടെ വാഹനത്തില്‍ മാലിന്യം നീക്കംചെയ്തു.തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ബത്തേരി പൊലിസും സ്ഥലത്തെത്തിയിരുന്നു. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി മാതൃക പരമായി ശിക്ഷനല്‍കുമെന്ന് ചെയര്‍മാന്‍ ടി.കെ രമേശ് പറഞ്ഞു. അതേസമയം മാലിന്യം പാതയോരത്തേക്ക് ഒരാള്‍ എടുത്തിടുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.