വികസനപദ്ധതികളിലെ അനാവശ്യ എതിര്‍പ്പുകള്‍;
നാടിനെ പിന്നോട്ട് നയിക്കും
-മുഖ്യമന്ത്രി പിണറായി വിജയന്‍
നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മേഖലാതല അവലോകനയോഗം കോഴിക്കോട് മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റത്തിന്റെ ബൃഹത്തായ കാഴ്ചപ്പാടുകളോടുകൂടിയാണ് സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നത്. വിശാലമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ മുഖ്യധാര സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ അല്ലാത്തവര്‍ പോലും എതിര്‍പ്പുമായി രംഗത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചില ആസൂത്രിതമായ ശ്രമങ്ങളാണ്. ഇതിനെയെല്ലാം മറികടന്നുകൊണ്ട് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിയമപരമായും നയപരമായുമുള്ള തീരുമാനത്തിലൂടെ വകുപ്പുകള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളില്‍ നല്ല മാറ്റങ്ങള്‍ പ്രകടമാണ്. ഇതെല്ലാം അവലോകനം ചെയ്യാന്‍ ഇത്തരത്തിലുള്ള മേഖല തല അവലോകന യോഗം പുതുമയുള്ളതാണ്. ഇതൊരു തുടക്കമാണ്. വളരെ വേഗത്തില്‍ വികസന പദ്ധതികള്‍ മുന്നേറണം. ഇതിനായുള്ള പരിശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടാകണം. അതിദരിദ്ര നിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്‍ തുടങ്ങിയവയെല്ലാം നല്ല രീതിയില്‍ മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ മുക്ത നവകേരളം പ്രതിജ്ഞയോടെയാണ് അവലോകന യോഗം തുടങ്ങിയത്. വിവിധ വിഷയങ്ങളും മേഖലകളും തിരിച്ചാണ് അവലോകനം യോഗം നടന്നത്. വകുപ്പ്തല മന്ത്രിമാര്‍, ചീഫ് സെക്രട്ടി ഡോ.വി.വേണു, വകുപ്പ്് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മേഖല അവലോകനയോഗത്തില്‍ പങ്കെടുത്തു. നാലു ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള പോലീസ് അവലോകന യോഗവും തുടര്‍ന്ന് നടന്നു.
ദാരിദ്രനിര്‍മ്മാജ്ജനം
മുന്‍ഗണന നല്‍കണം
നാട് അതിവേഗം വികസനത്തിലേക്ക് മുന്നേറുമ്പോഴും അതിദരിദ്രകുടുംബങ്ങള്‍ ഓരോ നാടിന്റെയും നൊമ്പരങ്ങളാണ്. ഇതിനായി ഓരോ പ്രദേശത്തെയും അതിദരിദ്രരെ കണ്ടെത്തുന്നതിനും ഈ കൂടുംബങ്ങളെ ഈ അവസ്ഥകളില്‍ നിന്നും കൈപിടിച്ച് മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ മുന്നേറുകയാണ്. വയനാട് പോലുള്ള പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍്‌ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനും ഇവര്‍ക്ക് ആവശ്യമായ പിന്തുണകള്‍ നല്‍കുന്ന പരിശ്രമങ്ങളും മുന്നേറുകയാണെന്ന് അവലോകനയോഗത്തില്‍ ജില്ലാ കളക്ടര്‍ഡോ.രേണുരാജ് യോഗത്തെ അറിയിച്ചു. അനര്‍ഹരായവര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണം. വയനാട്ടില്‍ 2931 കൂടുംബങ്ങളെയാണ് അതിദരിദ്രവിഭാഗത്തില്‍ കണ്ടെത്തിയത്. 2577 മൈക്രോ പ്ലാനുകള്‍ ഇവര്‍ക്കായി തയ്യാറാക്കി. 354 കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാ്ന്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു.
വയനാട് മെഡിക്കല്‍ കോളേജ് തടസ്സങ്ങള്‍ നീക്കും
വയനാട് മെഡിക്കല്‍ കോളേജിനായി ബോയ്‌സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍പരിഹരിക്കും. നിലവില്‍ സൂപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസ്സില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജിന്റെ അനിവാര്യതകള്‍ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ ഇവിടെ തന്നെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ഭൂമി ഏറ്റെടുത്ത നടപടിക്രമങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിക്കും. ക്ലാസ്സുകള്‍ തുടങ്ങാനായി നിലവില്‍ ഇവിടെ പൂര്‍ത്തിയായ കെട്ടിടസൗകര്യങ്ങളിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് യോഗത്തെ അറിയിച്ചു.
വാഹനമില്ലാത്തതിനാല്‍ പഠനം മുടങ്ങില്ല
വയനാട്ടില്‍ വിദ്യാവാഹിനി പദ്ധതിയില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കോളനികളില്‍ നിന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസികുട്ടികളുടെ പഠനം മുടങ്ങുന്നത് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അവലോകന യോഗത്തില്‍ മന്ത്രി ഉറപ്പുനല്‍കിയത്. വിദ്യാവാഹിനി പദ്ധതിയില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രാ സൗകര്യം ഏറ്റവും ആവശ്യമായ കോളനികള്‍ കണ്ടെത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്് ഇവിടുത്തെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള എല്ലാ നടപടികളും ത്വരിതപ്പെടുത്തണമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
വയനാട് ചുരത്തിലെ മാലിന്യ നിക്ഷേപം
നടപടികള്‍ സ്വീകരിക്കണം
വയനാട് ചുരത്തില്‍ കുന്നുകൂടുന്ന മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശം സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം എന്നിവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധനല്‍കണം. ചുരത്തില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കണം. ആവശ്യമെങ്കില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരുന്നതായും കുറ്റക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതായും കോഴിക്കോട് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ചുരത്തില്‍ ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതും ഗുണകരമാണെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.
മാലിന്യസംസ്‌കരണം നാടിന്റെ പ്രധാന ഉത്തരവാദിത്തമായ കാലഘട്ടത്തില്‍ ജില്ലാ ഭരണകൂടം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ജാഗ്രത പുലര്‍ത്തണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഇവയുടെ നിര്‍വ്വഹണം ജില്ലാ കളക്ടര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഹരിത ചട്ടങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കണം. ടേക്ക് എ ബ്രേക്ക് സംവിധാനങ്ങളും കാര്യക്ഷമമായി നടപ്പാക്കണം. വയനാട് പോലുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന ജില്ലകളില്‍ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതികള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഹരിതകേരളത്തില്‍ കബനിക്കായി തുടങ്ങിയ തനത് പദ്ധതികള്‍ ജില്ലയില്‍ മുന്നേറുന്നുണ്ടെന്ന്് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു യോഗത്തെ അറിയിച്ചു.
പൊതുവിദ്യാലയങ്ങള്‍
മികച്ച മാതൃകകള്‍
പൊതുവിദ്യാലയങ്ങള്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്ന് യോഗം വിലയിരുത്തി. 55442 കുട്ടികള്‍ ഇവിടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നു. അഞ്ചുകോടി കിഫ്ബി പദ്ധതിയില്‍ അനുവദിച്ച മൂന്ന് വിദ്യാലയങ്ങളും പൂര്‍ത്തിയായി. മൂന്നുകോടി കിഫ്്ബി പദ്ധതിയില്‍ 13 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. ഇവയില്‍ ഏഴെണ്ണം പൂര്‍ത്തിയായി. രണ്ടെണ്ണം നിര്‍മ്മാണ പുരോഗതിയിലാണ്. ഒരു കോടി കിഫ്ബി പദ്ധതിയില്‍ 30 വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തു. ഇവയില്‍ 9 എണ്ണം പൂര്‍ത്തിയായതായും ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. സമഗ്രഗുണമേന്മ പദ്ധതിയില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രാഥമിക ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു. ഇവയുടെ പ്രവര്‍ത്തന പുരോഗതി വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ വിലയിരുത്തി. ശിശുസൗഹൃദ ഗണിത ശാസ്ത്ര പഠനം മഞ്ചാടി പദ്ധതിയില്‍ വയനാട്ടില്‍ നാല് വിദ്യാലയങ്ങളാണ് ഉള്‍പ്പെട്ടത്. വയനാടി്‌ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നും കൂടുതല്‍ കുട്ടികളെ പരിഗണിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.
അരിവാള്‍ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം
വയനാട്ടിലെ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ആര്‍ദ്രം പദ്ധതികളുടെ പുരോഗതിയും ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. മുഴുവന്‍ അരിവാള്‍രോഗ ബാധിതരെയും കണ്ടെത്തി ഇവര്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന്് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നതായും യോഗം വിലയിരുത്തി. മൂന്ന് ഐസലേറ്റഡ് വാര്‍ഡുകള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി പരിവര്‍ത്തന നടപടികളും പൂര്‍ത്തിയായി വരികയാണ്. ക്യാന്‍സര്‍ നിയന്ത്രണപദ്ധതിയും മുന്നേറുന്നു. ടെലിമെഡിസിന്‍, ഇ ഹെല്‍ത്ത് സംവിധാനം എന്നിവയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പുല്‍പ്പള്ളിയില്‍ സാമൂഹിക ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ജില്ലയില്‍ വനിതാ ശിശുസൗഹൃദ ആശുപത്രി അനുവദിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇ്ക്കാര്യം പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു.
എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും
ജല്‍ ജീവന്‍ മിഷനിലൂടെ എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും. വയനാട് ജില്ലയില്‍ 1,91,308 ഗ്രാമീണ വീടുകളാണ് കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ക്കെല്ലാം കുടിവെള്ളം ്എത്തിക്കുക എന്ന ദൗത്യമാണ് മുന്നേറുന്നത്. കുടിവെള്ളമെത്തിക്കുന്നകതിന് പൈപ്പുകള്‍ കൊണ്ടുപോകുന്നതിനും മറ്റുമുള്ള എതിര്‍പ്പുകള്‍ നീക്കും. റോഡ് കീറുന്നതിനും മറ്റുമുള്ള അനുമതികള്‍ക്കുള്ള നയപരമായ തീരുമാനങ്ങള്‍ നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. തിരുനെല്ലി തുടങ്ങി വനപാതകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ വനംവകുപ്പുമായി കൂടിയാലോചിച്ച് കുടിവെള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും.
വയനാട് തുരങ്കപാത
നടപടികള്‍ വേഗത്തിലാക്കും
വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും.
തുരങ്കപാത നിര്‍മ്മാണത്തിന്‍ 19.59 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായുള്ളത്. തോട്ടഭൂമിയും ഉള്‍പ്പെട്ടതാണ് പ്രദേശം. തോട്ട ഭൂമി വില നല്‍കി ഏറ്റെടുക്കുന്നതിനായി പ്രത്യേക അനുമതിക്കായി റവന്യുസെക്രട്ടറിക്ക് കത്തുനില്‍കിയതായി ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. കിഫ്ബിയില്‍ നിന്നും 3.8 കോടി രൂപ വനംവകുപ്പിന് നല്‍കി. ജനവരി 2024 പദ്ധതി തുടങ്ങാന്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കിഫ്ബിക്കും പൊതുമരാമത്ത്് വകുപ്പിനും കത്തുനല്‍കിയതായി കോഴിക്കോട്, വയനാട് ജില്ലാ കളക്ടര്‍മാര്‍ യോഗത്തെ അറിയിച്ചു. തുരങ്കപാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണ്ണമായും നയപരമായിരിക്കണമെന്നും കൃത്യതയോടും ജാഗ്രതയോടുമുള്ള നടപടി ക്രമങ്ങള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏറെ സഹായകരമാകുമെന്നും മുഖമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഭൂവിഷയങ്ങള്‍ പരിഹരിക്കണം
മരിയനാട് മക്കിമല ഭൂവിഷയങ്ങള്‍, വേമം,ചെന്നലായി എസ്ചീറ്റ് ഭൂമി, എച്ച്.എം.എല്‍ ഭൂമി കൈവശക്കാര്‍ക്കുള്ള പട്ടയം, കരിമ്പില്‍ അമ്പുകുത്തി പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നം തുടങ്ങിയവ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയില്‍ ഡിജിറ്റല്‍ റീ സര്‍വെയുടെ പുരോഗതിയും അവലോകനം ചെയ്തു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. കാലങ്ങളായി നില നില്‍ക്കുന്ന ഭൂവിഷയങ്ങളുടെ പരിഹാരവും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് അവലോകനയോഗത്തില്‍ പങ്കെടുത്ത റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.
അങ്കണവാടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം
വയനാട് ജില്ലയിലെ അങ്കണവാടികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്കണവാടികള്‍ നേരിടുന്ന കെട്ടിടമില്ലാത്തതും സ്ഥലമല്ലാത്തതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധനല്‍കണം. ഇതുസംബന്ധിച്ച് വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ 92 അങ്കണവാടികള്‍ക്ക് ഭൂമിയുണ്ടെങ്കിലും സ്വന്തമായി കെട്ടിടങ്ങളില്ല. 67 അങ്കണവാടിക്ക് കെട്ടിടം ഭൂമിയുമില്ലെന്നും ജില്ലാ കളക്ടര്‍ അവലോകന യോഗത്തില്‍ ശ്രദ്ധയില്‍പ്പെടുത്തി. നിലവിലുള്ള സര്‍ക്കാര്‍ഭൂമി നിജപ്പെടുത്തി അങ്കണവാടിക്കായി സ്ഥലം നിശ്ചയിക്കാം. ഇതര വകുപ്പുകളുടെ ഉപയോഗശൂന്യമായ സ്ഥലം ലഭ്യമാക്കി അങ്കണവാടി നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മലയോര ഹൈവ നിര്‍മ്മാണം പൂര്‍ത്തിയാക്കണം
വയനാട് ജില്ലയെ ബന്ധിപ്പിക്കുന്ന മലയോര ഹൈവെയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകനയോഗം നിര്‍ദ്ദേശിച്ചു. രണ്ടുകൈവഴിയായണ്് വയനാട് ജില്ലയിലൂടെ മലയോര ഹൈവേ കടന്നുപോകുന്നത്. ബോയ്‌സ് ടൗണ്ില്‍ നിന്നും തുടങ്ങി മാനന്തവാടി കല്‍പ്പറ്റ മേപ്പാടി ചൂരല്‍മല റോഡിലൂടെ കോഴിക്കോട് ജില്ലയിലെ മരിപ്പുഴയില്‍ വന്നുചേരും. ബോയ്‌സ് ടൗണ്‍ വാളാട് കുഞ്ഞോം നിരവില്‍പ്പുഴ വഴി ചുങ്കക്കുറ്റി വഴി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്നു. 89.221 കിലോ മീറ്റര്‍ പാതയില്‍ നാല് റീച്ചുകളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ മൂന്ന് റീച്ചുകളുടെ പ്രവൃത്തി മുന്നേറുകയാണെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.