നാലുപതിറ്റാണ്ടുകാലം വയനാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്ന പി.വി ബാലചന്ദ്രന് അന്ത്യയാത്ര നല്‍കി ജന്‍മനാട്. ഏറെക്കാലം ജനപ്രതിനിധിയായി അദ്ദേഹം സേവനമനുഷ്ഠിച്ച അമ്പലവയവല്‍ പഞ്ചായത്ത് കാര്യാലത്തിനടുത്ത് , ഗവ. ഹൈസ്‌കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അമ്പലവയവലില്‍ എത്തിയത്.
മൂവര്‍ണ കൊടിയേന്തി ജീവിതം. ചെങ്കൊടി പുതച്ച് മടക്കം. നാലു പതിറ്റാണ്ട് വയനാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന പി.വി. ബാലചന്ദ്രന്‍ എന്ന നേതാവ് വിടവാങ്ങുമ്പോള്‍ അമ്പലവയിലിന് നഷ്ടമായത് ജനകീയനായ നേതാവിനെ. തീപ്പൊരി പ്രസംഗം കൊണ്ടും നേതൃപാടവം കൊണ്ടും അദ്ദേഹം നിറഞ്ഞു നിന്ന അമ്പലവയല്‍ ടൗണില്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേരെത്തി. കോണ്‍ഗ്രസുകാരനായി ജീവിച്ച് സിപിഎമ്മുകാരനായി ഈ ലോകത്തോട് വിട പറയുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നത് നല്ല നേതാവ് എന്ന നിലയില്‍ മാത്രം.
രാവിലെ 10 മണിയോടെ അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരകണക്കിനാളുകളാണ് സ്‌കൂളില്‍ എത്തിയത്. സി പിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഡിസിസി പ്രസിഡന്‍് എന്‍ ഡി അപ്പച്ചന്‍, എം .എല്‍.എ ഐസി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ തുടങ്ങി ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷികളിലെ മുതിര്‍ന്ന നേതാക്കള്‍ അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ എത്തി. തുടര്‍ന്ന് 12 മണിയോടെ അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നരിക്കുണ്ടുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് നീങ്ങി.