ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകള്‍ ആസുത്രണ സമിതി അംഗീകാരം നല്‍കി

0

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഹെല്‍ത്ത് ഗ്രാന്റ് മാര്‍ഗ്ഗരേഖ പ്രകാരമുള്ള പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. കെട്ടിടങ്ങളിലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ഗ്രാമ പഞ്ചായത്തുകളിലായി 38 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കും, 2 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും തുക അനുവദിച്ചു. പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുന്നതിന് എല്ലാ പഞ്ചായത്തുകള്‍ക്കും തുക അനുവദിച്ചു. ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ രോഗ നിര്‍ണ്ണയ സൗകര്യങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും രോഗ നിര്‍ണ്ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് തുക അനുവദിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഹെല്‍ത്ത്, വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും തുക അനുവദിച്ചു. നഗരപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും രോഗ നിര്‍ണ്ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലയിലെ മൂന്ന് നഗരസഭകള്‍ക്കും തുക ലഭ്യമായിട്ടുണ്ട്. 2021-22 ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗ പുരോഗതി യോഗം വിലയിരുത്തി.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023 – 24 വാര്‍ഷിക പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ പട്ടിക കൈമാറാനുള്ള തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങള്‍ എത്രയും വേഗം പട്ടിക കൈമാറണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശിച്ചു.

ഹോയിമോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ഷീ ക്യാമ്പെയിന്‍ ഫോര്‍ വുമണ്‍ എന്ന പേരില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഹോയിപ്പതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ലാബ് ഇന്‍വെസ്സിഗേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുമായി ആലോചിച്ച് ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹോമിയോ ഡി.എം.ഒ യെ ചുമതലപ്പെടുത്തി.
ജില്ലയിലെ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്ത് വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് ലേബര്‍ വകുപ്പ്, പോലീസ്, എക്‌സൈസ്, തദ്ദേശ സ്വംയഭരണവകുപ്പ് എന്നിവര്‍ സംയുക്തമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍മാരെ ഉപയോഗപ്പെടുത്തി കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!