കടപ്പക്കല്ലുമായി കയറ്റം കയറുന്നതിനിടെ ലോറി നിയന്ത്രണം വിട്ടു ചെരിഞ്ഞു. ഒഴിവായത് വന്‍ ദുരന്തം
രാത്രി ഒരു മണിയോടടുത്താണ് ആന്ധ്രാപ്രദേശില്‍ നിന്നും കടപ്പക്കല്ലുമായി വന്ന ലോറി മീനങ്ങാടി താഴത്തുവയല്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ചെരിഞ്ഞത്. ബ്രേക്ക് ചേംമ്പര്‍ പൊട്ടിയ വാഹനം നിയന്ത്രണം വിട്ട് പിന്നോട്ട് വരുകയായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന വീടിനും, ട്രാന്‍സ്‌ഫോര്‍മറിനും അടുത്ത് ഡ്രൈനേജിലേക്ക് ലോറി വീണതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. കുമ്പളേരി ഭാഗത്ത് കടപ്പകല്ലിറക്കിയതിന് ശേഷം കാക്കവയല്‍ ഗ്രാനൈറ്റ് ഷോപ്പിലേക്ക് കല്ലിറക്കാന്‍ പോവുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. പകല്‍ സമയങ്ങളില്‍ അമിത വേഗതയില്‍ നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോവാറ്. രാത്രി ഏറെ വൈകിയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറഞ്ഞതും വലിയൊരു അപകട സാഹചര്യമാണ് ഒഴിവാക്കിയത്. അപകടം നടന്നതിന് തൊട്ടടുത്ത് താമസിക്കുന്ന നെല്യോട്ട് പൊയിലില്‍ അബൂബക്കറും കുടുംബവും തങ്ങളുടെ ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണുള്ളത്.