കാവല്‍മാടം സമൂഹ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു
കന്നാരംപുഴയില്‍ വനാതിര്‍ത്തിയിലെ കാവല്‍മാടം സമൂഹ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കാട്ടാനശല്യം രൂക്ഷമായ ഇവിടെ കൃഷിയിടങ്ങളിലേക്ക് ആനയിറങ്ങുന്നത് തടയുന്നതിനാണ് വനംവകുപ്പ് വാച്ചര്‍മാര്‍ കാവല്‍മാടത്തില്‍ കവലിരിക്കുന്നത്. കഞ്ചാവടക്കമുള്ള ലഹരി ഉപയോഗിക്കുന്ന ഒരുകൂട്ടം യുവാക്കളാണ് കാവല്‍മാടം അഗ്‌നിക്കിരയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാവല്‍മാടം കത്തി നശിച്ചതോടെ കാട്ടാനശല്യം രൂക്ഷമാകുമെന്ന ഭീതിയിലാണ് മേഖലയിലെ കര്‍ഷകരുള്ളത്. വനംവകുപ്പിലെ താത്കാലിക വാച്ചര്‍മാര്‍ രാത്രിയില്‍ കാവലിരുന്ന് വനത്തില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുമ്പോള്‍ തിരികെ വനത്തിലേക്ക് തുരത്തുമായിരുന്നു. വൈദ്യുത കമ്പിവേലിയും ആണാക്കിടങ്ങുമടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ നശിച്ചതോടെ താത്കാലിക വാച്ചര്‍മാരുടെ നേതൃത്വത്തിലുള്ള കാവലായിരുന്നു വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് ആശ്രയം.