ബലിതര്‍പ്പണം; ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

0

ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടര്‍ ക്ഷേത്രത്തില്‍ എത്തിയത്. ബലിതര്‍പ്പണ ചടങ്ങുകളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ദേവസ്വം ജീവനക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് അധികൃതരോട് ചടങ്ങിനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തിരുനെല്ലി ക്ഷേത്രം, പാപനാശിനി ബലിക്കടവ്, ഗുണ്ഡിക ശിവക്ഷേത്ര പരിസരം, ബലിതര്‍പ്പണ ചടങ്ങിന് എത്തുന്നവര്‍ക്കായി പുതുതായ് നിര്‍മ്മിച്ച വിശ്രമകേന്ദ്രം എന്നിവിടങ്ങളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. സുരക്ഷാ ക്രമീകരണത്തിനായി 180 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും പാപനാശിനി ബലിക്കടവിലും ആബുലന്‍സിന്റെയും ഡോക്ടറുടെയും സേവനത്തോട് കൂടിയ 2 മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം തുടങ്ങി. ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ 3 മുതല്‍ ആരംഭിക്കും. തിരുനെല്ലിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ 30 ബസുകള്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നുണ്ട്.

എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
16:57