മാനന്തവാടിയില്‍ മിന്നുമണിക്കുള്ള പൗരസ്വീകരണം 22 ന്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളിയായ മിന്നുമണിക്ക് 22 ന് പൗരസ്വീകരണം നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത വിപുലമായ ആലോചനാ യോഗം കാര്യപരിപാടികള്‍ തീരുമാനിച്ചു. ഒ.ആര്‍. കേളു എംഎല്‍എ ചെയര്‍മാനായ സ്വാഗത സംഘം സ്വീകരണം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്. 22 ന് ഉച്ചയ്ക്ക് 2.30 ന് അമ്പുത്തിയില്‍ നിന്ന് എരുമത്തെരുവ് വഴി മിന്നുമണിയെ മാനന്തവാടി നഗരസത്തിലേക്ക് ആനയിക്കും. വാദ്യമേളങ്ങളും മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. ടൗണില്‍ നടക്കുന്ന അനുമോദനയോഗത്തില്‍ മിന്നുമണിയെ പുരസ്‌കാരം നല്‍കി ആദരിക്കും. പൊതുസമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ മാനന്തവാടിയുടെ സ്ഥാനം അടയാളപ്പെടുത്തിയ മിന്നുമണിക്ക് ജന്മനാട്ടില്‍ നല്‍കുന്ന സ്വീകരണം ചരിത്രവിജയമാക്കാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനറും മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാനുമായ ജേക്കബ് സെബാസ്റ്റ്യന്‍, സ്വാഗത സംഘം വൈസ് ചെയര്‍മാനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജസ്റ്റിന്‍ ബേബി, കണ്‍വീനര്‍മാരായ എം.കെ. അബ്ദുല്‍ സമദ്, സജി മാധവന്‍, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അശോകന്‍ ഒഴക്കോടി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ.എം. ഷിനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.