മഴക്കാല മുന്നൊരുക്കം;ജില്ലാ കളക്ടര്‍ കോളനികള്‍ സന്ദര്‍ശിച്ചു

0

ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച് മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.തോണിച്ചാല്‍ കല്ലടിക്കുന്ന് കോളനി, കാരക്കുനി, ചെറുവയല്‍, അഞ്ചുകുന്ന് കാപ്പുംകുന്ന് എന്നീ കോളനികളിലാണ് ജില്ലാ കളക്ടറെത്തിയത്. 37 കുടുംബങ്ങള്‍ താമസിക്കുന്ന കല്ലടി കോളനിയിലെ വീടുകള്‍, കുടിവെളള സ്രോതസ്സുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം കളക്ടര്‍ വിലയിരുത്തി. കോളനിവാസികളില്‍ നിന്നും ജില്ലാ കളക്ടര്‍ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു.

പണിയ, കുറിച്യ, കാടര്‍, കുറുമ വിഭാഗത്തിലെ താമസക്കാര്‍ കോളനികളിലെ പരിമിതികളും സൗകര്യങ്ങളും ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തി. കൂടെയുണ്ടായിരുന്ന വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് കോളനികളില്‍ അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പണിയ വിഭാഗത്തില്‍പ്പെട്ട 39 കുടുംബങ്ങളാണ് ചെറുവയല്‍ കാരക്കുനി കോളനിയില്‍ താമസിക്കുന്നത്. കോളനി പരിസരത്ത് പ്രവര്‍ത്തിക്കുന്ന കാരക്കുനി അങ്കണവാടിയിലും മാമാട്ടുകുന്നിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.എഡ് സെന്റര്‍, നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്റ്റല്‍, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍ എന്നിവടങ്ങളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് അഞ്ചുകുന്ന് കാപ്പുംകുന്ന് കോളനിയിലും സന്ദര്‍ശനം നടത്തിയാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാരായ ഒ. നൗഷാദ്, ടി. നജുമുദ്ദീന്‍, വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അഷ്റഫ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!