വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം – ആരോഗ്യ വകുപ്പ്

0

ജില്ലയില്‍ ജലജന്യരോഗങ്ങള്‍ക്കെതിരെ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലജന്യ രോഗങ്ങള്‍ ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു. വയറിളക്കരോഗങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുകയും ചെയ്യണം.

ജലജന്യ രോഗങ്ങളും രോഗപ്രതിരോധവും

വയറിളക്ക രോഗങ്ങള്‍

മുഖ്യമായ ഒരു ആരോഗ്യ പ്രശ്‌നമാണ് വയറിളക്ക രോഗങ്ങളും അവമൂലമുള്ള മരണങ്ങളും. രണ്ടുദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ വയറിളക്കരോഗങ്ങള്‍ മൂലം മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ദഹനവ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു രോഗമാണിത്. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. യഥാസമയത്ത് പാനീയ രീതിയിലുള്ള ചികിത്സ നല്‍കുക വഴി 90 ശതമാനം വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. പ്രധാനമായും വൈറസുകള്‍, ബാക്ടീരിയകള്‍, അമീബകള്‍ തുടങ്ങിയ പരാദജീവികള്‍ മൂലമാണ് വയറിളക്കമുണ്ടാകുന്നത്. ഈ രോഗാണുക്കള്‍ കുടിവെള്ളം വഴിയും ആഹാരത്തില്‍ കൂടിയുമാണ് ശരീരത്തിലെത്തുന്നത്. രോഗലക്ഷണങ്ങള്‍ പെട്ടെന്നുതന്നെ ആരംഭിച്ച് മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്നതാണ്. പലപ്പോഴും ഛര്‍ദ്ദിയും ഉണ്ടായിരിക്കും. വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയാണ് രോഗാണുക്കള്‍ക്ക് നിദാനം. നിര്‍ജ്ജലീകരണമാണ് വയറിളക്കം മൂലമുള്ള മരണ കാരണം. ഒ.ആര്‍.എസ് മിശ്രിതമോ വീട്ടില്‍ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഞ്ചസാര ചേര്‍ത്ത നാരങ്ങാവെള്ളം തുടങ്ങിയവയെല്ലാം പാനീയ ചികിത്സയ്ക്കായ് നല്‍കാവുന്നതാണ്. പാനീയം വര്‍ദ്ധിച്ചതോതില്‍ നല്‍കുക. എളുപ്പം ദഹിക്കുന്ന ആഹാരം തുടര്‍ന്നും നല്‍കുക. നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു ശ്രദ്ധിക്കുക.

കോളറ

വിബ്രിയോ കോളറ എന്ന ഇനം ബാക്ടിരിയ വഴിയുണ്ടാകുന്ന വയറിളക്കരോഗമാണ് കോളറ. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ച വ്യാധി എന്ന രീതിയില്‍ കൂടുതല്‍ പ്രദേശത്ത് വ്യാപിക്കുന്നതും ചെറിയ രീതിയിലുള്ള രോഗ പകര്‍ച്ചയോടെ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതുമായാണ് ഈ രോഗം കണ്ടു വരുന്നത്. പുതുതായി രോഗാണു ബാധയുണ്ടാകുന്ന സ്ഥലങ്ങളില്‍ പലപ്പോഴും മുതിര്‍ന്ന ആള്‍ക്കാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. രോഗപകര്‍ച്ച നീണ്ടു നില്‍ക്കുന്ന പ്രദേശങ്ങളില്‍ കുഞ്ഞുങ്ങളിലാണ് കൂടുതലായി കാണാറുള്ളത്. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. അപൂര്‍വ്വമായി രോഗ ലക്ഷണങ്ങളില്ലാതെ മാസങ്ങളോളം രോഗം പരത്താന്‍ കഴിവുള്ള രോഗവാഹകരേയും കാണാറുണ്ട്. സാധാരണയായി മലിനീകരിക്കപ്പെട്ട വെള്ളവും ആഹാരവും വഴിയാണ് രോഗപകര്‍ച്ച സംഭവിക്കുന്നത്.
രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്. പാനീയ ചികിത്സ തുടക്കത്തില്‍ തന്നെ ആരംഭിക്കേണ്ടതാണ്. നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണം കണ്ടു തുടങ്ങിയാല്‍ എത്രയും വേഗം രോഗിയെ ആശുപത്രിയിലെത്തിച്ച് ശരിയായ ചികിത്സ നല്‍കേണ്ടതാണ്.

മഞ്ഞപ്പിത്തം

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. ‘എ’, ‘ഇ’ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നതാണ്. രോഗാണുക്കള്‍ ശരീരത്തില്‍ എത്തി രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നത് 15 ദിവസം വരെയുള്ള കാലയളവിലാണ്. നമ്മുടെ നാട്ടില്‍ പകര്‍ച്ച വ്യാധി രീതിയില്‍ മഞ്ഞപിത്തം കൂടുതലായി കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന ‘എ’ വിഭാഗം മഞ്ഞപ്പിത്തമാണ്. ലക്ഷണങ്ങള്‍ വയറുവേദന, ശരീര വേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.

ഭക്ഷ്യവിഷബാധ

വിവിധതരം ബാക്ടീരിയകളോ, അവയുണ്ടാക്കുന്ന വിഷവസ്തുക്കളോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷവസ്തുക്കളോ, ആഹാരം വഴിയോ, കുടിവെള്ളം വഴിയോ ശരീരത്തിലെത്തിച്ചേര്‍ന്ന് വയറിളക്കമുണ്ടാകുന്നതിനെയാണ് സാധാരണയായി ഭക്ഷ്യവിഷബാധ എന്നു പറയുന്നത്. അസുഖം ബാധിച്ചവരെല്ലാം ഒരേ ഭക്ഷണം കഴിച്ചവരായിരിക്കും. രോഗലക്ഷണങ്ങളും മിക്കവരിലും ഏതാണ്ട് സമാനമായിരിക്കും. ഭക്ഷ്യവിഷബാധയാണെന്ന് സംശയം തോന്നിയാല്‍ ഭക്ഷണം കഴിച്ചവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചും രോഗലക്ഷണങ്ങള്‍ വിലയിരുത്തിയും, ഭക്ഷ്യവസ്തുക്കളുടെ ലാബ് പരിശോധന, രോഗികളുടെ മലം, ഛര്‍ദ്ദില്‍ എന്നിവയുടെ ലാബ് പരി ശോധന, ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്ത സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കല്‍, ഭക്ഷണം ഉണ്ടാക്കിയ പാചകക്കാര്‍ അത് വിതരണം ചെയ്തവര്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടങ്ങുന്ന കേസ് ഇന്‍വെസ്റ്റിഗേഷന്‍ ശാസ്ത്രീയമായി ചെയ്യേണ്ടത് കാര്യ കാരണ ബന്ധങ്ങള്‍ മനസ്സിലാക്കുന്നതിന് ആവശ്യമാണ്.

ടൈഫോയ്ഡ്

സാല്‍മനെല്ല ടൈഫി എന്ന വിഭാഗത്തില്‍പ്പെട്ട രോഗികളുടെയും രോഗവാഹകരുടെയും മലമൂത്ര ബാക്ടീരിയ വഴിയുണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്. വിസര്‍ജ്ജനത്തില്‍ നിന്ന് രോഗാണുക്കള്‍ ആഹാരസാധനങ്ങളില്‍ കൂടിയും കുടിവെള്ളത്തിലൂടെയും ശരീരത്തിലെത്തിയാണ് രോഗമുണ്ടാകുന്നത്. കുറച്ചുദിവസങ്ങളായി കൂടിവരുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ മാത്രമെ രോഗനിര്‍ണയം സ്ഥിരീകരിക്കാനാവുകയുള്ളു. ഫലപ്രദമായ ആന്റിബയോട്ടിക്ക് മരുന്നുകള്‍ വഴി പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ടൈഫോയ്ഡ്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കാന്‍ ഉപയോഗിക്കുക.
2. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
3. ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക
4. ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്.
5. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസ്സര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
6. കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരുക്കുക; ക്ലോറിനേഷന്‍വഴി അണുനശീകരണം നടത്തുക.
7. കിണറിനു ചുറ്റുമതില്‍ കെട്ടുക; കിണര്‍ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.
8. ടാങ്കറുകളിലും മറ്റും എത്തിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
9. ജല പരിശോധന നടത്തി വെള്ളം രോഗാണുമുക്തമാണന്ന് ഉറപ്പുവരുത്തുക.
10. ഹോട്ടലുകള്‍, തട്ടുകടകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കുക.
11. ഫുഡ് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുക.
12. പരിസര ശുചിത്വം ഉറപ്പു വരുത്തി ജലം മലിനമാകുന്നത് തടയുക.
13.മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. മലപരിശോധന നടത്തി, രോഗകാരണം കണ്ടുപിടിച്ച്, ഫലപ്രദമായ ചികിത്സ നല്‍കുക.

Leave A Reply

Your email address will not be published.

error: Content is protected !!