ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്‍കിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സില്‍ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.
എഐ ക്യാമറകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്നാണ് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്. കേന്ദ്ര തീരുമാനം വന്ന ശേഷമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. അതേസമയം രാജ്യസഭാംഗമായ എളമരം കരീം മുന്നോട്ട് വെച്ച ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചത്. എങ്കിലും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെ മുതല്‍ കേന്ദ്രം കുട്ടികളുമായി പോകുന്ന യാത്രക്കാരുടെ പക്കല്‍ നിന്ന് പിഴയീടാക്കുമോയെന്നത് ഇന്ന് വൈകീട്ട് ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാകും.