ടേബിള്‍ ടെന്നീസ് മുതല്‍ പഞ്ചഗുസ്തിവരെയും, ബാസ്‌ക്കറ്റ് ബോള്‍ മുതല്‍ ആര്‍ച്ചറിവരെയും. എന്റെ കേരളം മേളയിലെ സ്‌പോര്‍ട്‌സ് കോര്‍ണര്‍ തിരക്കിലാണ്.പ്രായഭേദമന്യേ ഏവര്‍ക്കും കായിക ലോകത്തെ തൊട്ടറിയാന്‍ വിശാലമായ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി ഏരിയ ഏവരെയും വിളിക്കുന്നു.വിവിധ കായിക ഇനങ്ങളെയും ഉപകരണങ്ങളെയും ഇവിടെ നിന്നും നേരിട്ടറിയാം. എല്ലാം വിശദീകരിക്കാന്‍ ഇവിടെ കായിക താരങ്ങളും റെഡിയായുണ്ട്.കുട്ടികളും മുതിര്‍ന്നവരുമെല്ലാം നെറ്റ് ബോള്‍ തുടങ്ങി വിവിധ കായിക ഇനങ്ങളിലും ഒരു കൈ നോക്കിയാണ് ഈ കോര്‍ണറില്‍ നിന്നും മടങ്ങുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് വിപുലമായ രീതിയില്‍ ആക്ടിവിറ്റി ഏരിയ ഒരുക്കിയത്. അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, തൈക്കൊണ്ട, ഫെന്‍സിംഗ്, ഫുട്‌ബോള്‍, ബോക്‌സിംഗ് തുടങ്ങിയ കായിക ഇനങ്ങളെക്കുറിച്ചെല്ലാം വിശദമായി ഇവിടെ നി്ന്നും നേരിട്ടറിയാം. ഫെന്‍സിംഗ് പോലുള്ള കായിക ഇനങ്ങളെ കുറിച്ച് അറിയാനും കായിക പ്രേമികള്‍ സമയം കണ്ടെത്തുന്നു. കിഡ്‌സ് ജാവ്‌ലിന്‍ , വിവിധ തൂക്കങ്ങളിലുളള ഷോട്ട്പുട്ട്, ഡിസ്‌കസ്, ആക്ടിവിറ്റി ഏരിയയില്‍ പ്രദര്‍ശനത്തിന് വെച്ച ഖത്തര്‍ ലോകകപ്പില്‍ ഉപയോഗിച്ച ഫുട്‌ബോളിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഫുട്‌ബോളും ആളുകള്‍ക്ക് കൗതുകമാകുന്നു. വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച് സ്‌പോര്‍ട്‌സ് ക്വാ്ട്ടയില്‍ സര്‍ക്കാര്‍ ജോലി നേടിയവരുടെ വിവരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അന്തര്‍ദേശീയ ദേശീയ തലത്തിലും പ്രതിഭ തെളിയിച്ച ജില്ലയിലെ കായിക പ്രതിഭകളുടെ ചിത്രങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനിലുള്ള പരിശീലകരാണ് അക്ടിവിറ്റി ഏരിയയില്‍ എത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്. ഏതെങ്കിലും കായിക ഇനത്തില്‍ താത്പര്യമുള്ളവര്‍ക്ക് അതാത് കായിക ഇനങ്ങളില്‍ പരിശീലനം നേടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സ്റ്റാളില്‍ നിന്ന് ലഭിക്കും. ജില്ലാ സറ്റേഡിയത്തിനൊപ്പം അമ്പിലേരിയില്‍ ഒരുങ്ങുന്ന ഓംകാരനാഥ ഇന്‍ഡോര്‍ സ്റ്റേഡിയം കൂടി യാഥാര്‍ത്യമാകുന്നതോടെ ജില്ലയില്‍ നിന്നും കൂടുതല്‍ കായിക പ്രതിഭകളെ വാര്‍ത്തെടുത്ത് കേരളത്തിന്റെ കായിക ഭൂപടത്തില്‍ ജില്ലക്ക് നിര്‍ണായക സ്ഥാനം നല്‍കാനുള്ള ശ്രമത്തിലാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡന്റ് സലീം കടവന്‍, ഭരണസമിതി അംഗങ്ങളായ കെ.പി.വിജയി, എ.ഡി.ജോണ്‍, എന്‍.സി.സാജിദ്, പി.കെ.അയൂബ്, സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌പോര്‍ട്‌സ് കോര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്.