കൃഷി തകര്‍ത്ത്  കാട്ടുപന്നികളുടെ വിളയാട്ടം

0

വാഴവറ്റ മൂര്‍ത്തിക്കുന്നിലാണ് കാട്ടുപന്നികള്‍ വ്യാപകമായി വാഴകൃഷി നശിപ്പിച്ചത്. രണ്ട് തവണ മുട്ടില്‍ പഞ്ചായത്തില്‍ മികച്ച കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട യശോദയുടെ കൃഷിയിടത്തിലാണ് ദിവസങ്ങളായി കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത്.കടുത്ത വേനലില്‍ കരിഞ്ഞുണങ്ങുകയാണ് കൃഷിയിടങ്ങള്‍, ഇതിനിടെയുള്ള സംവിധാനമുപയോഗിച്ച്  പരിപാലിക്കുന്ന കൃഷിയിടങ്ങളിലാണ് കാട്ടുപന്നികള്‍ വിളയാടുന്നത്.കാട്ടുപന്നിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം കാരണം നെല്‍കൃഷി പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ഈ കുടുംബം .

 

 

 

പാരമ്പര്യമായി വ്യാവസായികാടിസ്ഥാനത്തില്‍ പ്രധാനമായും നെല്‍കൃഷി നടത്തി വരുന്ന വയോധികയായ യശോധക്കും കുടുംബത്തിനും കുറച്ച് മാസങ്ങളായി കാട്ടുപന്നികള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. നെല്‍കൃഷി മാറ്റി പരീക്ഷണമായി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞെങ്കിലും രക്ഷയില്ലെന്നാണ് യശോദ പറയുന്നത്. 2 ഏക്കര്‍ സ്ഥലത്ത്  1500 ല്‍ അധികം വാഴ കൃഷി ചെയ്‌തെങ്കിലും ദിവസവും രാത്രിയില്‍ കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ നൂറും നൂറ്റമ്പതും വീതം വാഴകളാണ് കുത്തി നശിപ്പിക്കുന്നത്.

 

 

വാഴവറ്റ ഗ്രാമീണ ബാങ്കില്‍ നിന്നും 4 ലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ച കൃഷിയുടെ തിരിച്ചടവ് എങ്ങനെ അടക്കുമെന്ന  ആശങ്കയിലാണ് യശോദയുള്ളത്.. വനം വകുപ്പിലും പഞ്ചായത്തിലുമെല്ലാം പരാതി നല്‍കിയിട്ടും ഇതേ വരെയും യാതൊരു നടപടിയുമില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. അടുത്ത നന തുടങ്ങേണ്ട സമയത്ത് നനയുന്നിടത്തെ കൃഷി കുത്തി മറിച്ചിടുന്ന പന്നികളാല്‍ പൊറുതിമുട്ടി മാനസിക വിഷമത്തിലാണ് യശോദയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. സമീപ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ കൃഷിയിടങ്ങളില്‍ പന്നികളുണ്ടാക്കുന്ന പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആശങ്കയാണ് കര്‍ഷകര്‍ പങ്കുവെക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!