അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളില്‍ സംഘടിപ്പിക്കുന്ന വികസനോത്സവം ശ്രദ്ദേയമായി. നൂല്‍പ്പുഴ കോളൂര്‍ കോളനിയില്‍ ബത്തേരി താലൂക്ക് തല വികസനോത്സവം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ അവധിക്കാലങ്ങളെ മാറ്റുക എന്നതാണ് വികസനോത്സവം ലക്ഷ്യംവെക്കുന്നത്.
വികസനോത്സവത്തിന്റെ ഭാഗമായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ ഗോത്ര കോളനികളിലെ പഠനമുറികള്‍, സാംസ്‌കാരിക നിലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ കലാകായിക പരിപാടികള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, അംബേദ്കര്‍ ജയന്തി ദിനാഘോഷം, ഡോക്യുമെന്ററി പ്രദര്‍ശനം, ശുചീകരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വികസനോത്സവത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്, ലഹരി വിരുദ്ധ ലഘുനാടകം, കലാപരിപാടികളും വേറിട്ടതായി. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡണ്ട് എന്‍.എ ഉസ്മാന്‍, പഞ്ചായത്തംഗങ്ങള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാരായ ജി പ്രമോദ്, സി ഇസ്മായില്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ ടി സുഹറ, സോഷ്യല്‍ വര്‍ക്കര്‍ പ്രജോദ് തുടങ്ങിയവര്‍ സംസാരിച്ചു.