അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉയര്‍ന്ന താപനില 33.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. താപനിലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന. ബാഷ്പീകരണതോതിലും മറ്റു ജില്ലകളെക്കാള്‍ വയനാട് മുന്നിലാണ്. സ്ഥിതി തുടര്‍ന്നാല്‍ വരള്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് വയനാട് കാര്‍ഷിക കാലാവസ്ഥ വിഭാഗം മേധാവി. വേനല്‍മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജില്ലയിലെ കര്‍ഷകര്‍.
രണ്ടാഴ്ചയിലേറെയായി അനുഭവപ്പെടുന്ന ശക്തമായ വെയിലും ചൂടും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരം ഈ മാസം 33.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലഉയര്‍ന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയില്‍ 8 മില്ലിമീറ്റര്‍ മുതല്‍ 9 മില്ലിമീറ്റര്‍ വരെ ബാഷ്പീകരണത്തോതും ഉയര്‍ന്ന് നില്‍ക്കുകയാണ്. വേനല്‍ മഴയില്‍ ഏപ്രില്‍ മാസത്തില്‍ 50 ശതമാനത്തിന്റെ കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇത് ചൂടു വര്‍ദ്ധിക്കാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ജില്ലയില്‍ രേഖപ്പെടുത്തിയത് മാര്‍ച്ചിലായിരുന്നു. 32. 9. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രേഖപ്പെടുത്തിയ ചൂടിനെക്കള്‍ 2 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
ചൂടിന് കാഠിന്യമേറിയതോടെ പുഴകളിലേയും കിണറുകളിലും മറ്റ് ജലാശയങ്ങളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ചൂടിനാശ്വാസമായി വരും ദിവസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കര്‍ഷകര്‍.