കബനിനദിയില്‍ ആല്‍ഗ സാന്നിധ്യം ശുദ്ധജലവിതരണം തടസ്സപ്പെട്ടു

0

കബനിനദിയില്‍ വിഷപ്പായലായ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ആശങ്ക . ഇതേത്തുടര്‍ന്ന് കബനിഗിരി പമ്പ് ഹൗസില്‍നിന്നുള്ള ശുദ്ധജലവിതരണം തടസ്സപ്പെട്ടു. വേനല്‍ കടുത്ത് ചൂടുകൂടിയതോടെയാണ് നദിയില്‍ ആല്‍ഗ രൂപപ്പെട്ടത്. പായലുപോലെ ആല്‍ഗ കെട്ടിക്കിടന്ന് ശുദ്ധജലവിതരണ സംവിധാനത്തിന്റെ ഫില്‍ട്ടറിങ് തടസ്സപ്പെട്ടതോടെയാണ് ജലവിതരണം മുടങ്ങിയത്. ആല്‍ഗയുടെ സാന്നിധ്യമുള്ള ജലം ഉപയോഗിച്ചാല്‍ ത്വക്ക് രോഗങ്ങളും വയറിളക്കവുമടക്കമുള്ളവ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ആല്‍ഗകള്‍ പെട്ടെന്ന് വളരുന്നത്. കബനിനദിയുടെ തീരത്ത് വിവിധഭാഗങ്ങളില്‍ ആല്‍ഗ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാല്‍വെളിച്ചം ഭാഗത്തും ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയും ശുദ്ധജലവിതരണം മുടങ്ങും. കബനിയില്‍നിന്ന് ജലം പമ്പുചെയ്യുന്നതിനുമുമ്പായി മൂന്നുമണിക്കൂറോളം ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധീകരണം നടത്തിയശേഷം ജലവിതരണം നടത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. മുമ്പ് ചാലിയാര്‍ പുഴയിലടക്കം ബ്ലൂ-ഗ്രീന്‍ ആല്‍ഗകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് മീനുകള്‍ ചത്തുപൊന്തുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ വരുംനാളുകളില്‍ കബനിയിലും ഇത്തരത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളത്തില്‍ വളരുന്ന മൈക്രോസ്‌കോപിക് ബാക്ടീരിയകളാണ് ആല്‍ഗകള്‍. വെള്ളത്തില്‍ പ്രകാശസംശ്ലേഷണം നടത്താനും എളുപ്പത്തില്‍ വ്യാപിക്കാനും ഇതിനുശേഷിയുണ്ട്. വളങ്ങളിലൂടെയോ ഇലകള്‍ അടിഞ്ഞുകൂടുന്നതിലൂടെയോ മണ്ണൊലിപ്പിലൂടെയോ നദിയില്‍ നൈട്രജനും ഫോസ്ഫറസും എത്താനും ആല്‍ഗകള്‍ വളരാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും.മഴപെയ്ത് നദിയിലെ ചൂടുകുറഞ്ഞ് ഒഴുക്കുകൂടിയാല്‍ ആല്‍ഗകള്‍ കുറയും. മഴ ഉടനെ ലഭിച്ചില്ലെങ്കില്‍ കബനിനദിയിലെ സ്ഥിതി ഗുരുതരമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!