ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ വേനല്‍ അവധി കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു.കേരളത്തിലെയും മാഹിയിലേയും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ ഏപ്രില്‍ – മെയ് മാസത്തെ 60 ദിവസ വേനല്‍ അവധിയാണ് കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. രാഹുല്‍ ഗാന്ധി എം പിയുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ വേഗത്തിലുള്ള നടപടി.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ വേനലവധി ഏപ്രില്‍ , മെയ് മാസങ്ങളിലായി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മ രാഹുല്‍ ഗാന്ധി എംപിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. കൂടാതെ, തിങ്കളാഴ്ച വയനാടെത്തിയ രാഹുല്‍ ഗാന്ധിക്ക് മലപ്പുറത്തേയും, വയനാട്ടിലേയും രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിനിധികള്‍ നേരില്‍ കണ്ട് നിവേദനം നല്‍കുകയുണ്ടായി.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വേനല്‍ ചൂട് കണക്കിലെടുത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ വേനല്‍ അവധി അനുവദിക്കാന്‍ ഇടപെടല്‍ വേമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പഴയ ഉത്തരവ് പ്രകാരം മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയായ ശേഷവും കുട്ടികളും, അധ്യാപകരും മറ്റ് ജീവനക്കാരും സ്‌കൂളില്‍ തുടരേണ്ട സാഹചര്യമാണുള്ളത്. മാത്രമല്ല വിഷു, ഗുഡ് ഫ്രൈഡേ, ഈസ്റ്റര്‍, ഈദുല്‍ ഫിത്തര്‍ തുടങ്ങിയ വിവിധ മതങ്ങളുടെ ആഘോഷങ്ങളും ഏപ്രില്‍ മാസത്തിലാണ്. ഇതും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കുന്നു എന്നും രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നു.
മുന്‍വര്‍ഷങ്ങളിലെ പോലെ വേനലവധി ഏപ്രിലിലേക്ക് മാറ്റണമെന്ന് ജവഹര്‍ നവോദയ വയനാട് സ്‌കൂള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയോട് കുട്ടികളും , രക്ഷിതാക്കളും ആവശ്യപ്പെടുകയുണ്ടായി. വേനലവധി സംബന്ധിച്ച ന്യായമായ ആവശ്യത്തില്‍ അടിയന്തിരമായി ഇടപെടാം എന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്ന മെയ് – ജൂണ്‍ വേനലവധി ഏപ്രില്‍- മെയ് മാസത്തേക്ക് മാറ്റി പുനക്രമികരിച്ചു കൊണ്ട് നവോദയ വിദ്യാലയ സമിതി ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 1 മുതല്‍ – മെയ് 30 വരെ 60 ദിവസത്തെ അവധിയാണ് നല്‍കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധി ഉറപ്പ് പാലിച്ചതില്‍ നന്ദിയുണ്ടെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ അറിയിച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നവോദയ വിദ്യാലയ സമിതിക്കും, കേന്ദ്ര സര്‍ക്കാരിനും രക്ഷിതാക്കളുടെ കൂട്ടായ്മ കത്ത് നല്‍കിയിരുന്നു.
കൂടാതെ, അഖിലേന്ത്യാ നവോദയ വിദ്യാലയ സമിതി സ്റ്റാഫ് അസോവിയേഷന്‍ നവോദയ വിദ്യാലയ കമ്മീഷണര്‍ക്കും കത്ത് നല്‍കുകയുണ്ടായി. കോവിഡിന് മുന്‍പ് ഏപ്രില്‍ – മെയ് മാസങ്ങളിലായിരുന്ന വേനലവധി ഇത്തവണ മെയ്, ജൂണ്‍ മാസങ്ങളിലേക്ക് മാറ്റികൊണ്ടാണ് നവോദയ വിദ്യാലയ സമിതി നേരത്തെ ഉത്തരവിറങ്ങിയിരുന്നത്.
കേരളത്തിലെ സ്‌കൂളുകള്‍ക്കുപുറമെ, മാഹിയിലെ സ്‌കൂളിനും പുതിയ അവധി ബാധകമാണ്. വേനലവധി ഏപ്രിലില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റ് എംപിമാര്‍ക്കും, കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി. മുരളീധരനും രക്ഷിതാക്കളുടെ കൂട്ടായ്മ നിവേദനം സമര്‍പ്പിച്ചിരുന്നു.