കാരാപ്പുഴ അണക്കെട്ടിലെ ഇടതുകര കനാലിലൂടെ ജലവിതരണം ആരംഭിച്ചു. കാരാപ്പുഴ മുതല്‍ കമ്പളക്കാട് വരെ 17 കിലോമീറ്റര്‍ ദൂരത്തിലാണ് വെളളമെത്തുക. 2018ലെ പ്രളയത്തില്‍ കനാല്‍ തകര്‍ന്നതോടെ മുടങ്ങിയ പദ്ധതിയാണ് നാലുവര്‍ഷത്തിനുശേഷം ആരംഭിക്കുന്നത്.ഇന്ന് രാവിലെ ആറുമണിമുതല്‍ ജലവിതരണം തുടങ്ങി്.
ജലസേചന പദ്ധതിയ്ക്കായി പണിതീര്‍ത്ത കാരാപ്പുഴ ഡാമില്‍നിന്ന് ആദ്യമായാണ് ഇടതുകര കനാല്‍വഴി പൂര്‍ണതോതില്‍ വെളളമൊഴുക്കുന്നത്. പ്രളയത്തിനുമുമ്പ് കനാലിലൂടെ ഒരുതവണ പരീക്ഷണാടിസ്ഥാനത്തില്‍ വെളളമൊഴുക്കിയിരുന്നു. 2018 ലെ പ്രളയത്തില്‍ മാണ്ടാട് കെ.കെ. ജങ്ഷനിലെ കനാല്‍ തകര്‍ന്നതോടെ പിന്നീട് ജലവിതരണം നടന്നില്ല. ഈ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ജലവിതരണം ആരംഭിച്ചത്.
കുട്ടമംഗലം, വിവേകാനന്ദ ഹോസ്പിറ്റല്‍, പാറക്കല്‍, പരിയാരം മുതല്‍ കമ്പളക്കാട് വരെയുളള പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. എന്നാല്‍ ഓരോ വര്‍ഷവും അറ്റകുറ്റപ്പണികള്‍ നടക്കുമെങ്കിലും ജലവിതരണം പൂര്‍ണ്ണമായി നടത്താന്‍ കഴിയാറില്ല.
അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും ആവശ്യമായ സുരക്ഷയുമില്ലാതെ പാതി വഴിയില്‍ ജലവിതരണം മുടങ്ങാറാണ് പതിവ്. ഇപ്പോള്‍ കനാലിലൂടെ ഒഴുകുന്ന ഒഴുക്ക് നിലക്കാതെ തുടരുമെന്ന പ്രതീക്ഷയിലാണ് കനാല്‍ കടന്നു പോകുന്ന ഭാഗങ്ങളിലുള്ള കര്‍ഷകരുള്ളത്.
വേനല്‍ ശക്തിപ്രാപിച്ച ഉടന്‍തന്നെ ജലവിതരണം പൂര്‍ണതോതില്‍ ആരംഭിച്ചത് പ്രദേശങ്ങളിലെ വാഴ, പച്ചക്കറി ഉള്‍പ്പടെയുളള കൃഷികള്‍ക്ക് ഗുണംചെയ്യും. പരീക്ഷണാടിസ്ഥാനത്തിലുളള ജലവിതരണം വിജയമായാല്‍ വരുംദിവസങ്ങളിലും തുടരുമെന്ന് കാരാപ്പുഴ പ്രൊജക്ട് അധികൃതര്‍ പറഞ്ഞു.