കേരള പ്രീമിയര്‍ ലീഗ്: ആദ്യപാദത്തില്‍ കേരള യുണൈറ്റഡിന് വിജയം

0

കേരളാ പ്രീമിയര്‍ ലീഗിന്റെ സെമിഫൈനലിന്റെ ഒന്നാംപാദ മത്സരങ്ങള്‍ക്ക് മുണ്ടേരി മരവയല്‍ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കം.വയനാട് യുണൈറ്റഡ് എഫ്‌സിയും കേരള യുണൈറ്റഡ് എഫ്‌സിയും തമ്മിലുള്ള ആദ്യ പാദ സെമിയില്‍ കേരള യുണൈറ്റഡ് എഫ്സിക്ക് വിജയം.വയനാട് യുണൈറ്റഡ് എഫ്സിയെ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. നൈജീരിയന്‍ താരം ഇസാസക്കിയേല്‍, എം മനോജ്, വാന്‍ലാല്‍ മല്‍സാവ്മ എന്നിവരാണ് കേരള യുണൈറ്റഡിനായി ലക്ഷ്യംകണ്ടത്. രണ്ടാംപാദ സെമി ബുധനാഴ്ച നടക്കും.

 

രാജ്യാന്തര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയം യഥാര്‍ഥ്യമായശേഷം ആദ്യമായി വിരുന്നെത്തിയ സംസ്ഥാനതല ഫുട്‌ബോള്‍ ലീഗ് ആരാധകരുടെ പങ്കാളിത്തം കൊണ്ടു സമ്പന്നമായി. വേനല്‍ മഴയെയും വകവയ്ക്കാതെ നൂറുക്കണക്കിനു ഫുട്‌ബോള്‍ പ്രേമികളാണു ജില്ലാ സ്റ്റേഡിയത്തിലെത്തിയത്.

ഹോം ഗ്രൗണ്ടില്‍ സ്വന്തം നാട്ടുകാരുടെ ഹര്‍ഷാരവങ്ങളേറ്റു വാങ്ങിയാണ് വയനാട് യുണൈറ്റഡ് എഫ്‌സി ഗ്രൗണ്ടിലിറങ്ങിയത്. കളി കാണാന്‍ ജില്ലയ്ക്കകത്തും പുറത്തും നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിനാളുകളാണ് എത്തിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍, വയനാട് യുണൈറ്റഡ് എഫ്‌സി എന്നിവര്‍ ചേര്‍ന്നാണു കേരള പ്രീമിയര്‍ ലീഗിന് ആതിഥ്യമരുളുന്നത്.

ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് കളിക്കാരെ പരിചയപ്പെട്ടു മത്സരം ഉദ്ഘാടനം ചെയ്തു. കല്‍പറ്റ നഗരസഭാധ്യക്ഷന്‍ കേയംതൊടി മുജീബ്, എഎസ്പി തപോഷ് ബസുമതാരി എന്നിവര്‍ മുഖ്യാതിഥിയായി. മുന്‍ ഐഎസ്എല്‍ താരം സുശാന്ത് മാത്യു, റിമാല്‍ ഗ്രൂപ്പ് എംഡി റഫീഖ് തോക്കന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ബി. ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു , സംഘാടക സമിതി ഭാരവാഹികളായ കെ. റഫീഖ്, ഷമീം ബക്കര്‍, ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി പി.എസ്. പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!