വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം 15 മുതല്‍

0

വയനാടിന്റെ ദേശീയോത്സവം വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് 15ന് തുടക്കമാകും. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ ഉണ്ടാവുക. മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടില്‍ ആദ്യമായി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ ഇരട്ട തായമ്പകയും ഉണ്ടായിരിക്കുമെന്നും ആഘോഷ കമ്മിറ്റി ഭാരവാഹികള്‍.

മാര്‍ച്ച് 14 ന് വൈകീട്ട് പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവായുധം എഴുന്നള്ളിപ്പ് നടക്കും. ഇത്തവണ പഞ്ചവാദ്യത്തിന്റെയും ഗജവീരന്റെയും അകമ്പടിയോടെയാണ് വാള്‍ എഴുന്നള്ളത്ത് നടക്കുക.മാര്‍ച്ച് 15 മുതല്‍ മേലെക്കാവിലും താഴെകാവിലും വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. 15 ന് രാവിലെ 9 മണിക്ക് ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എ.ഡി.എം-എന്‍.ഐ.ഷാജു നിര്‍വ്വഹിക്കും. വൈകീട്ട് 7 മണിക്ക് മേലേകാവില്‍ ഭരതനാട്യത്തോടെ ആഘോഷ പരിപാടികള്‍ ഔപചാരികമായി തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ താഴെകാവിലെ ആഘോഷകമ്മിറ്റിയുടെ വേദിയില്‍ വിവിധങ്ങളായ കലാപരിപാടികള്‍ നടക്കും. മാര്‍ച്ച് 25 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം വനം വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മൂന്ന് എം.എല്‍.എമാരും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി തുടങ്ങി ജനപ്രതിനിധികളും ചടങ്ങില്‍ പങ്കാളികളാകും. ചടങ്ങില്‍ പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ ആദരിക്കും. 27 ന് വൈകീട്ട് 7 മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക താഴെക്കാവില്‍ അരങ്ങേറുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.സി. സുനില്‍കുമാര്‍, എ.എം. നിഷാന്ത്, സന്തോഷ് ജി നായര്‍, ഏച്ചോംഗോപി, ടി.കെ.അനില്‍കുമാര്‍, കെ.ജിതേഷ്, അശോകന്‍ ഒഴക്കോടി, വി.ആര്‍. പ്രവീജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!