പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്ന ചുണ്ടക്കൊല്ലി അമ്പലക്കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയെ കണ്ടതോടെ ജനങ്ങള്‍ ആശങ്കയില്‍. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ചുണ്ടക്കൊല്ലിയിലെ കൃഷിയിടത്തില്‍ നിന്ന് റോഡ് മുറിച്ച് കടക്കുന്ന കടുവയെ ബൈക്ക് യാത്രക്കാരന്‍ കണ്ടത്.കടുവയെ വനത്തിലേക്ക് തുരത്താനാവശ്യമായ നടപടി വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞയാഴ്ച പുല്‍പ്പള്ളി കതവാക്കുന്ന് – ഏരിയപ്പള്ളി റോഡില്‍ കടുവയെ കാര്‍ യാത്രക്കാര്‍ കടുവയെ കണ്ടിരുന്നു. ചുണ്ടക്കൊല്ലി വയലിലൂടെ കടുവ അമ്പലക്കുന്ന് ഭാഗത്തേക്ക് കടന്നുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്.കടുവ ജനവാസ മേഖലയിലിറങ്ങിയ സംഭവത്തില്‍ വിവരമൊന്നും ലഭിച്ചില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസം മുമ്പ് ഏരിയപ്പള്ളി ചേപ്പില പ്രദേശങ്ങളില്‍ മൂന്ന് വയസ് പ്രായമുള്ള കടുവ ചേപ്പിലയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ആര്‍.ആര്‍.ടി. യുടെ നേതൃത്വത്തില്‍ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ താനിത്തെരുവ്, സുരഭിക്കവല, ആലത്തൂര്‍ പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അടിയന്തിരമായി പ്രദേശത്ത് ജനത്തിന് ഭീഷണിയായിരിക്കുന്ന കടുവയെ വനത്തിലേക്ക് തുരത്താനാവശ്യമായ നടപടി വേണമെന്നാണ് ജനത്തിന്റെ ആവശ്യം.