കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ 22,23 തീയതികളില്‍ തൃശ്ശൂരില്‍ കേരള നാടക അക്കാദമി ഹാളില്‍ ചേരും. ഉപഭോക്താക്കളുടെ മേല്‍ നിരക്കു വര്‍ധന അടിച്ചേല്‍പ്പിക്കുന്ന താരിഫ് നയം ട്രായ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേരുന്ന കണ്‍വെന്‍ഷന് പ്രത്യേക പ്രാധാന്യമുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് 400ഓളം പ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
22ന് രാവിലെ സിഒഎ സംസ്ഥാന പ്രസിഡന്റ് എം അബൂബക്കര്‍ സിദ്ദീഖിന്റെ അധ്യക്ഷതയില്‍ ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഒപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ഉദ്ഘാടനം നിര്‍വഹിക്കും. നിരക്കു വര്‍ധന കേബിള്‍ ടിവി മാസവരിസംഖ്യയില്‍ വലിയ വര്‍ധന ഉണ്ടാക്കും. കേബിള്‍ ടിവി ഉപഭോക്താക്കളില്‍ ഈ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതിന് എതിരായ നിലപാടാണ് സിഒഎ സ്വീകരിച്ചിട്ടുള്ളത്. കുത്തക മൂലധന ശക്തികള്‍ക്കെതിരെ പ്രതിരോധിച്ചു നില്‍ക്കുന്നതിന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുകയെന്നതാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം .