ഏങ്കളെ കിനാവു ഗോത്രഫെസ്റ്റ് സംഘടിപ്പിച്ചു

0

വാളേരി ജിഎച്ച്എസ്എസ് സ്‌കൂളില്‍ ഏങ്കളെ കിനാവു എന്ന പേരില്‍ ഗോത്രഫെസ്റ്റ് സംഘടിപ്പിച്ചു.വിദ്യാലയത്തിലെ ഗോത്ര വിഭാഗത്തില്‍പ്പെടുന്ന നൂറോളം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെവി വിജോള്‍ അധ്യക്ഷനായിരുന്നു.

വാളേരി ഗവണ്‍മെന്റ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികളും വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഈ വിദ്യാര്‍ത്ഥികളെ വിദ്യാലയവുമായി ചേര്‍ത്തു നിര്‍ത്തുക, സൗഹൃദ പഠനാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടുവച്ചാണ് വിദ്യാലയത്തില്‍ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാമായി അമ്പെയ്ത്ത്, വടംവലി, നെല്ലു കുത്ത് പാട്ട്, വട്ടക്കളി തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.

കോളനികളില്‍ നിന്നെത്തിയവരും പ്രദേശവാസികളും എല്ലാമായി ആയിരത്തോളം സമീപവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു ‘ഒമ്പാടും രുചി’ എന്ന പേരില്‍ വിവിധ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തി പാകം ചെയ്ത പുഴുക്ക് ശ്രദ്ധേയമായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആരംഭിച്ച പരിപാടി ഇന്ന് വൈകുന്നേരം ആണ് അവസാനിക്കുക.

ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും വിദ്യാലയത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്നപേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്ലാസ് സബ് ഇന്‍സ്‌പെക്ടറും കവിയും ആയ സാധിര്‍ തലപ്പുഴ നയിച്ചു. അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നാട്ടുകാരുടെയും ഒത്തുചേരലാണ് ഈ പരിപാടിയുടെ വിജയം എന്നും, ഗോത്ര ഫെസ്റ്റിന്റെ ഭാഗമായ എല്ലാ വിദ്യാര്‍ത്ഥികളും ഏറെ സന്തോഷത്തിലാണെന്നും സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അനില്‍കുമാര്‍ പി ജി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!