മറുനാടന്‍ മലയാളി കര്‍ഷകര്‍ക്ക് സഹായവുമായി എന്‍.എഫ്.പി.ഒ ജൈവ വള നിര്‍മ്മാണ യൂണിറ്റ്.

0

കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സഹായമായി നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ജൈവവള നിര്‍മ്മാണ യൂണിറ്റ് നഞ്ചന്‍ഗോഡ് പ്രവര്‍ത്തനം ആരംഭിച്ചു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുനൂറിലധികം കര്‍ഷകര്‍ ചേര്‍ന്നാണ് കാര്‍ഷിക മേഖലയുടെ വികസനത്തില്‍ രാജ്യത്ത് ഒരു ബദല്‍ വികസന പദ്ധതി നടപ്പാക്കാന്‍ തുടങ്ങുന്നത്.

 

ഇടനിലക്കാരന്റെ ചൂഷണത്തില്‍ നിന്നും കര്‍ഷകനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എഫ്.പി.ഒ. നയത്തിനനുസരിച്ചാണ് കേരളം ,കര്‍ണാടക, തമിഴ്‌നാട് ,മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും കൃഷി ചെയ്യുന്നവരുടെ ക്ഷേമത്തിനായി 2021-ല്‍ നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്.

സംഘടന, എഫ്.പി.ഒ., കമ്പനി എന്നീ നിലകളില്‍ മൂന്ന് തട്ടുകളിലായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കര്‍ഷകനെ ഇടനിലക്കാരന്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനുള്ള ഇടപെടലുകളാണ് ഫലപ്രദമായി നടപ്പാക്കുന്നത്.ഇതിന്റെ ഭാഗമായി കര്‍ണാടകയിലെ നഞ്ചന്‍കോഡ് മൂന്ന് ഏക്കര്‍ സ്ഥലത്ത് വലിയ തോതില്‍ ജൈവ വള നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഗുണമേന്മയുള്ള ജൈവവളം ഉല്പ്പാദന ചെലവില്‍ തന്നെ അംഗങ്ങളായ കര്‍ഷകര്‍ക്ക് നല്‍കുകയാണ് ആദ്യം ചെയ്യുന്നതെന്ന് എഫ്.പി.ഒ. ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് പറഞ്ഞു.

പത്ത് മണിക്കൂറില്‍ 3000 ചാക്ക് ജൈവവളം ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.ചാണകം, ചകിരിച്ചോറ്, കരിമ്പിന്‍ ചണ്ടി, വെര്‍മി കമ്പോസ്റ്റ് എന്നിവയും എന്‍.പി.കെ.യും ചേര്‍ത്ത്തയ്യാറാക്കിയ മിശ്രിതം ജൈവലായിനിയായ ഡബ്ല്യം.ഡി.സി. (വേസ്റ്റ് ഡി കംപോസര്‍ ) യും ഇ.എം.ലായിനിയും ചേര്‍ത്ത് സംസ്‌കരിച്ചെടുത്താണ് യന്ത്രസഹായത്തോടെ പൊടിച്ച് വളമാക്കുന്നത്.
വിദഗ്ധരുടെ ഉപദേശത്തോടെയാണ് ഇത് ഇത് തയ്യാറാക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ വി.എല്‍. അജയകുമാര്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്ന് ഏകദേശം രണ്ട് കോടി രൂപയുടെ മൂലധന സ്വരൂപണമാണ് നടത്തിയത്. മുപ്പതിലധികം തൊഴിലാളികള്‍ എഫ്. പി.ഒ.യില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട് .
വയനാട് പുല്‍പ്പള്ളിയില്‍ എന്‍.എഫ്.പി.ഒ.യുടെ ഓഫീസ് ഏകദേശം നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇതോടെ കൂടുതല്‍ കര്‍ഷകരെ എഫ്.പി.ഒ.യുടെ ഭാഗമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് കണ്‍വീനര്‍ എസ്.എം. റസാഖ് പറഞ്ഞു. കൂടുതല്‍ വിറ്റുവരവിലൂടെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതോടെ ലാഭവിഹിതം കര്‍ഷകര്‍ക്ക് നല്‍കാനാകുമെന്ന് ട്രഷറര്‍ പി.പി. തോമസ് പറഞ്ഞു.

. ലളിതമായ ചടങ്ങില്‍ സിന്ധുഹള്ളിയിലെ കര്‍ഷക പി.ആര്‍. രാജമ്മയാണ് യൂണിറ്റിന്റെ നാട മുറിച്ചത്. യൂണിറ്റിനായി ഭൂമി പാട്ടത്തിന് നല്‍കിയതും ഇവരാണ്. എല്‍എല്‍പി ചെയര്‍മാന്‍ വി.എല്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മം എന്‍എഫ്പിഒ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ് നിര്‍വഹിച്ചു. ജൈവവളം വില്‍പന ഉദ്ഘാടനം എല്‍എല്‍പി മാനേജിംഗ് ഡയറക്ടര്‍ കെ.പി. ജോസ് നിര്‍വഹിച്ചു. എന്‍എഫ്പിഒ ഡയറക്ടര്‍ കെ.ജെ. ഷാജി ആദ്യ വില്‍പന സ്വീകരിച്ചു. യൂണിറ്റില്‍നിന്നുള്ള ആദ്യ ലോഡ് എന്‍എഫ്പിഒ കണ്‍വീനര്‍ എസ്.എം. റസാഖ് ഫല്‍ഗ് ഓഫ് ചെയ്തു. എല്‍എല്‍പി സിഇഒ പി.സി. ടോമി പ്രസംഗിച്ചു. എന്‍എഫ്പിഒ ട്രഷറര്‍ പി.പി. തോമസ് സ്വാഗതവും ഡയറക്ടര്‍ ഇ.വി. ബിജു നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!