ബത്തേരി: കിഴക്കന്‍ യൂറോപ്പിലും റഷ്യയിലും പ്രജനനം നടത്തുന്ന ചെമ്മാറന്‍ പാറ്റപിടിയന്‍ ചെറുപക്ഷിയെ വയനാട് വന്യജിവിസങ്കേതത്തില്‍ കണ്ടെത്തി.കേരളത്തിന് ഇതിനുമുമ്പ് അഞ്ച് തവണ മാത്രമാണ് അപൂര്‍വ്വയിനത്തില്‍പെട്ട ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളു. ആകെമാനം തവിട്ടുനിറവും കഴുത്തിലും മാറിലും ചുവന്ന നിറവുമുള്ള പക്ഷിയുടെ വാലിന് കറുപ്പും വെളളയും നിറമാണ്. ചെറുപ്രാണികളെ ഭക്ഷണമാക്കുന്ന ഇത്തരം പക്ഷികള്‍ യൂറോപ്പിലും മറ്റും അതിശൈത്യമാകുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ദേശാടനം ചെയ്യുന്നവയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി വയനാട് വന്യജീവിസങ്കേതത്തില്‍ തൂവല്‍സ്പര്‍ശം 2023 എന്ന പേരില്‍ നടത്തിയ പക്ഷിസര്‍വ്വേയിലാണ് ചെമ്മാറന്‍ പാറ്റപിടിയനെ കണ്ടെത്തിയത്. വന്യജീവി സങ്കേതത്തിന്റെ നാല് റേഞ്ചുകളിലെ പന്ത്രണ്ടു ക്യാമ്പുകളിലായി നടത്തിയ സര്‍വ്വേയില്‍ 185 ഇനം പക്ഷികളെയും സര്‍വ്വേയില്‍ കണ്ടെത്തി.
വംശനാശഭീഷണി നേരിടുന്ന കഴുകന്‍ ഇനങ്ങള്‍ ആയ ചുട്ടിക്കഴുകന്‍, കാതിലക്കഴുകന്‍ എന്നിവയുടെ സാന്നിധ്യം ഒട്ടുമിക്ക സര്‍വ്വേ ക്യാമ്പുകളിലും നിരീക്ഷിക്കപ്പെട്ടു. രണ്ടിനം കഴുകന്‍ ഇനങ്ങളോടൊപ്പം 17 ഓളം മറ്റു പരുന്ത് വര്‍ഗ്ഗങ്ങളെയും സര്‍വ്വേയില്‍ കണ്ടെത്തി. സര്‍വ്വേയില്‍ കണ്ടെത്തിയ രണ്ടിനം കഴുകന്മാരും സംസ്ഥാനത്ത് വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ രണ്ടിനങ്ങളും ഐ. യു. സി. എന്‍. ചുവപ്പു പട്ടികയില്‍ അതീവ വംശനാശ ഭീഷണി നേരിടുന്നവയായി കണക്കാക്കുന്നവയാണ്. അതുകൊണ്ടുതന്നെ വയനാട് വന്യജീവി സങ്കേതത്തിന്റെ സംരക്ഷണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതാണന്നും സര്‍വ്വേ നീരക്ഷിച്ചു.
സര്‍വ്വേയില്‍ ഏറ്റവും അധികമായി കണ്ടെത്തിയത് കരിയിലക്കിളി എന്നു വിളിക്കുന്ന ചിലപ്പന്‍ പക്ഷികളെയാണ്. തുറന്ന ഇലപൊഴിയും കാടുകളില്‍ തറയിലൂടെ ഇരതേടി ജീവിക്കുന്നവരാണ് കരിയിലക്കിളികള്‍. വയനാട് വന്യജീവിസങ്കേതത്തില്‍ സാധാരണയായി കാണപ്പെടുന്ന ചിന്നക്കുട്ടുറുവന്‍, പൂന്തത്ത, തീക്കുരുവി, കാട്ടുമൈന എന്നീ പക്ഷികളെയും സര്‍വ്വേയില്‍ കണ്ടു. മുപ്പതിലധികം ഇനങ്ങളെ ഈ സര്‍വ്വേയില്‍ ഓരോ തവണ വീതം മാത്രമാണ് കാണാനായത്. ഇവയിലേറെയും കേരളത്തില്‍ കാടുകളില്‍ മാത്രം കാണപ്പെടുന്നവയാണ്. ചതുപ്പുനിലങ്ങളെയും തണ്ണീര്‍ ത്തടങ്ങളെയും ആശ്രയിച്ചു ജീവിക്കുന്ന വിവിധയിനം പക്ഷികളെയും സര്‍വ്വേയില്‍ കണ്ടെത്തി.
വന്യജീവി സങ്കേതത്തിലെ വിവിധയിനം ആല്‍മരങ്ങളില്‍ കായ്കള്‍ പഴുത്തു നില്‍ക്കുന്നതിനാല്‍ പഴവര്‍ഗ്ഗങ്ങള്‍ ആഹരിക്കുന്ന വിവിധയിനത്തില്‍പ്പെട്ട പക്ഷികളെ എണ്ണത്തില്‍ ധാരാളമായി കാണുകയുണ്ടായി. വയനാട്ടിലെ ഇക്കോ ടൂറിസം വികസനത്തില്‍ വലിയ സാധ്യതകളാണ് പക്ഷികള്‍ക്കുള്ളത് എന്നും എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന അധിനിവേശ സസ്യങ്ങളുടെ വ്യാപനവും എകവിള വനവൃക്ഷ തോട്ടങ്ങളും വന്യജീവി സങ്കേതത്തിന്റെ ജൈവവൈവിധ്യത്തിന് ആഘാതം സൃഷ്ടിക്കുന്നുവെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത പക്ഷി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആയ ഒ.ഡി. കെ, കോബോ കളക്റ്റ് എന്നിവ ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പക്ഷി സര്‍വ്വേ നടക്കുന്നത്. ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി സാങ്കേതിക സഹായത്തോടെയാണ് സര്‍വ്വേ നടത്തിയിത്. പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായായായിരുന്നു പക്ഷി സര്‍വ്വേ നടത്തിയത്.
സര്‍വ്വേയുടെ ഔപചാരികമായി ഉദ്ഘാടനം വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ അബ്ദുല്‍ അസീസ് ഐ.എഫ്.എസ് നിര്‍വഹിച്ചു. സര്‍വ്വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വന്യജീവി സങ്കേതത്തിന്റെ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.എ .ഡി.സി.എഫ്. ജി .ദിനേശ് കുമാര്‍ ഐ.എഫ്.എസും ഉല്‍ഘാടനം ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുള്ള ഇരുപത്തിനാല് പക്ഷി നിരീക്ഷകര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് രാഹുല്‍ രവീന്ദ്രന്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രണ്‍ജിത്ത് കുമാര്‍ സര്‍വ്വേ അംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പി എ വിനയന്‍, മുനീര്‍ തോല്‍പ്പെട്ടി, യദുമോന്‍ എന്നിവര്‍ സംസാരിച്ചു.