പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി (പി.എം പോഷന്‍) സോഷ്യല്‍ ഓഡിറ്റ് ആരംഭിച്ചു. കിലയുടെ സോഷ്യല്‍ ഓഡിറ്റ് ഫെസിലിറ്റേറ്റര്‍മാര്‍ക്കാണ് ഓഡിറ്റ് നിര്‍വഹണത്തിന്റെ ചുമതല. പൊതു വിദ്യാഭ്യാസ വകുപ്പിലെ നൂണ്‍ മീല്‍ ഓഫീസര്‍മാരുടെ സഹായത്തോടെയാണ് ഓഡിറ്റ് നിര്‍വഹിക്കുന്നത്. ഓരോ ജില്ലയിലെയും പ്രാതിനിധ്യ സ്വഭാവത്തോടെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ക്ലസ്റ്റര്‍ തലത്തില്‍ ഓഡിറ്റ് നടത്തുന്നത്. സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ചതിനു ശേഷമുള്ള പബ്ലിക് ഹിയറിങ് ഫെബ്രുവരി 20 ന് തുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പബ്ലിക് ഹിയറിങ്ങിന്റെ ഉദ്ഘാടനം ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വ്വഹിക്കും. സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷതവഹിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശശിപ്രഭ മുഖ്യാതിഥിയാകും. ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ കൃഷി ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സോഷ്യല്‍ ഓഡിറ്റര്‍മാര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പബ്ലിക് ഹിയറിങ്ങില്‍ പങ്കെടുക്കും.