മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് പ്രവര്‍ത്തി അവസാന ഘട്ടത്തില്‍
ജില്ലയിലെ ആതുര സേവന രംഗത്ത് പ്രതീക്ഷയേകി വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് പ്രവര്‍ത്തി അവസാന ഘട്ടത്തിലേക്ക്. മാര്‍ച്ച് മാസത്തോടെ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കും.കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഹൃദയ ശസ്ത്രക്രിയക്കായി ചുരമിറങ്ങേണ്ട അവസ്ഥ ഇല്ലാതാകും.
മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതോടെ ഏറ്റവും പ്രധാനമായും വേണ്ടിയിരുന്നത് കാത്ത് ലാബ് സൗകര്യമാണ്. ഒ.ആര്‍.കേളു എം.എല്‍.എ മുന്‍ കൈ എടുത്ത് 2018 ല്‍ 8 കോടി 23 ലക്ഷം രൂപയാണ് കാത്ത് ലാബിനായി വകയിരുത്തിയത്. ഇന്നിപ്പോള്‍ കാത്ത് ലാബിന്റെ പണി അവസാന ഘട്ടത്തിലാണ്. നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെ 50 ലക്ഷം രൂപ കൂടി ഓക്‌സിജന്‍ജനറേറ്ററിനും ട്രാന്‍സ്‌ഫോര്‍മറിനുമായി നീക്കിവെക്കുകയും ഇലക്ട്രിക്ക് വര്‍ക്കുകള്‍ നടന്നുവരികയുമാണ്. വൈദ്യുതി കണക്ഷന്‍ ലഭിച്ചാല്‍ കെ.എം.സി.എല്‍ ആധുനിക ഉപകരണങ്ങളും സ്ഥാപിക്കും.കാത്ത് ലാബ് ജീവനക്കാര്‍കുളള പരിശീലനം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്നുവരികയുമാണ്. ആവശ്യമായ കാര്‍ഡിയോളജിസ്റ്റുകളുടെ നിയമനം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരത്തോടെയോ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് എച്ച്.ഡി.സി അംഗവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജസ്റ്റിന്‍ ബേബി പറഞ്ഞു) എന്തായാലും കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജില്ലയില്‍ ആതുര സേവന രംഗത്ത് പുതിയ കാല്‍വെപ്പുകള്‍ക്കായിരിക്കും തുടക്കം കുറിക്കുക.