കല്‍പ്പറ്റ അഡ്‌ലെയ്ഡ് പാലവയല്‍ കോളനിയിലെ വിശ്വനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജൂനാഥ്.വിശ്വനാഥന്റെ സംസ്‌കാരം ഇന്ന് കല്‍പറ്റ പാലവയല്‍ കോളനിയിലെ വീട്ടുവളപ്പില്‍ നടന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തില്‍ ഭാര്യക്കൊപ്പമെത്തിയ കല്‍പ്പറ്റ പാലവയല്‍ കോളനിയിലെ വിശ്വനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീ സ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥന്‍ ജീവനൊടുക്കാന്‍ കാരണമെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.
ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ വിശ്വനാഥനെ കണ്ടെത്തിയത്.ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലിസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാര്‍ ചോദ്യം ചെയ്തതില്‍ വിശ്വനാഥന്‍ മനോവിഷമത്തില്‍ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.