കുടുംബ ബന്ധങ്ങളുടെ ആഴമറിഞ്ഞ് ബൊമ്മന്‍. ജില്ലയിലെ കലാ സ്‌നേഹികള്‍ ഒരുമിച്ച ടെലിഫിലിമായ ബൊമ്മന്‍ കുടുംബ മനസ്സുകള്‍ കീഴടക്കുകയാണ്. ഒരച്ചന്റെയും മകന്റെയും കുടുംബ പാശ്ചാത്തലത്തില്‍ നിന്നും മദ്യമെന്ന വിപത്തും, അലസമായ ജീവിതവും നഷ്ടപ്പെടുത്തുന്ന മൂല്യങ്ങളെ സ്‌ക്രീനില്‍ ജീവിച്ചു കാണിക്കുകയാണ് ബൊമ്മനിലൂടെ വയനാടന്‍ കലാകാരന്‍മാര്‍. അലസമായ ജീവിതത്തിലൂടെ ലക്ഷ്യമില്ലാത്ത മനസ്സുമായി ജീവിതം തള്ളിനീക്കുന്ന ഒരു പിതാവിന്റെയും, കുടുംബത്തിന്റെയും കഥ പറയുന്ന ബൊമ്മന്‍.
പിതാവിന്റെ വീഴ്ചകളും, മദ്യപിക്കുന്ന ശീലവും നഷ്ടപ്പെടുത്തുന്ന മകന്റെ ജീവിതവും നേര്‍കാഴ്ചയായി മിന്നിമറയുന്ന 17 മിനിറ്റില്‍ തീര്‍ത്ത ടെലിഫിലിം. ഗ്രാമങ്ങളും,ഉല്‍സവാന്തരീക്ഷവും, വയനാടന്‍ കാഴ്ചകളും സ്‌ക്രീനിലൂടെ മിന്നി മറയുന്ന മികവുറ്റ ദൃശ്യങ്ങളാണ് കാഴ്ചക്കാരില്‍ എത്തിക്കുന്നത്. അനുജനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങിയ മകന്റെ തിരിച്ച് വരവില്‍ കണ്ണു നിറയുന്ന ദൃശ്യാവിഷ്‌കാരം. ഏറെ മികവോടെ 2 ദിവസത്തെ മാത്രം ചിത്രീകരണത്തിനൊടുവിലാണ് ബൊമ്മന്‍ എന്ന ടെലിഫിലിം കാഴ്ചക്കാരിലേക്കെത്തുന്നത്. മീനങ്ങാടി പുറക്കാടി ഉല്‍സവാന്തരീക്ഷത്തിലായിരുന്നു ചിത്രീകരണം.
ലോക് ഡൗണില്‍ മുടങ്ങിയ ക്ലൈമാക്‌സ് ഈയിടെയാണ് 2 മണിക്കൂറുകൊണ്ട് ചിത്രീകരിച്ചത്. സിനിമാ താരം ജയസൂര്യയുടെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ബൊമ്മന്‍ റിലീസ് ചെയ്തത്. അമ്പലവയല്‍ പോത്തുകെട്ടി സ്വദേശി എല്‍ദോയുടേതാണ് ബൊമ്മന്റെ കഥയും,തിരക്കഥയും, സംഭാഷണവും. കേന്ദ്ര കഥാപാത്രമായും സംവിധാനത്തിലൂടെയും അപ്പാട് സ്വദേശി വികാസ് ദിവാകരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നതും ബൊമ്മനെ മികവുറ്റതാക്കി. മനു ബെന്നിയുടെ ക്യാമറ മികവോടെയാണ് ചിത്രം പൂര്‍ത്തിയായത്. ജില്ലയില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്ക് അവസരം നല്‍കി അരുണന്‍ എന്ന മുഴുനീള സിനിമ നിര്‍മ്മിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നാണ് ഈ കലാകാരന്മാര്‍ പറയുന്നത്.