‘ഒരു വൃക്ക ദാനംചെയ്താലും ഒന്നുമതിയല്ലോ എനിക്ക് ജീവിക്കാന്‍’ അപരിചിതക്ക് വൃക്ക പകുത്തു നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

0

അപരിചിതക്ക് വൃക്ക പകുത്തു നല്‍കി സമൂഹത്തിനു മാതൃകയായിരിക്കുകയാണ് ചീയമ്പം പള്ളി പടിയിലെ മണികണ്ഠന്‍ എന്ന യുവാവ്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നാല്‍ ആവുന്നത് ചെയ്യുകയെന്ന സന്ദേശം ഉള്‍കൊണ്ടായിരുന്നു വൃക്ക ദാനത്തില്‍ പങ്കാളിയായത്.
”ജീവിതത്തില്‍ നാളെ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ലല്ലോ., ഉള്ളസമയത്ത് നമ്മളെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തുകൊടുക്കണം…”- ഇത് പറയുമ്പോള്‍ മുപ്പത്തിനാലുകാരനായ മണികണ്ഠന് പ്രത്യേക ഊര്‍ജമാണ് മുഖത്ത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍, ഏറ്റവും അഭിമാനകരമായ സംഭവമാണ് മണികണ്ഠന്റെ ജീവിതത്തില്‍ കടന്നുപോയ ആഴ്ചയിലുണ്ടായത്. അപരിചിതയായ യുവതിക്ക് മണികണ്ഠന്‍ തന്റെ വൃക്ക ദാനംചെയ്തു.ചീയമ്പം പള്ളിപ്പടി സ്വദേശിയായ മണികണ്ഠന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ഡിവൈഎഫ്‌ഐ ഇരുളം മേഖലാ സെക്രട്ടറിയായ മണികണ്ഠന്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനിലാണ് അവയവദാനത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പത്തുവര്‍ഷംമുമ്പ് നടന്ന, ‘അവയവദാനം മഹാദാനം’ എന്ന ഡിവൈഎഫ്‌ഐ. കാമ്പയിനിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മണികണ്ഠന്‍ അന്നുതന്നെ തന്റെ അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കിയിരുന്നു. ഒഅവയവദാനത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് കൂടുതല്‍ ആളുകള്‍ അവയവദാനത്തിലേക്ക് കടന്നുവരണമെന്ന ആശയവും മണികണ്ഠന്‍ പങ്കുവെക്കുന്നുണ്ട്.”വൃക്കയുടെ 60 ശതമാനംമാത്രമാണ് 90 വയസ്സുവരെ ഒരുമനുഷ്യന്‍ ഉപയോഗിക്കുന്നത്, ആളുകള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് അവയവയങ്ങള്‍ ദാനംചെയ്യാന്‍ മടിക്കുന്നത്. നമ്മളെക്കൊണ്ട് ഒരുമനുഷ്യന് ജീവിതം നല്‍കാനും ഒരു കുടുംബത്തിലേക്ക് സന്തോഷമെത്തിക്കാനും കഴിയുമെങ്കില്‍ അതല്ലേ വലിയ നേട്ടം” -മണികണ്ഠന്‍ പറയുന്നു.ജീവനുള്ളിടത്തോളംകാലം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുമെന്ന് മണികണ്ഠന്‍ സംശയമില്ലാത്ത സ്വരത്തില്‍ പറയുന്നു.പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനും മണികണ്ഠന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!