വീണ്ടും ചികിത്സ പിഴവ് :മുള്ളുകൊണ്ടത് ഒരിടത്ത് ഓപ്പറേഷന്‍ വേറൊരിടത്ത്

0

കാലില്‍ തറച്ച മുള്ള് പോലും കണ്ടെത്താനാകതെ ഗവ. മെഡിക്കല്‍ കോളജുകള്‍. വേദന സഹിച്ച് 8 വയസ്സുകാരന്‍. ഓപ്പറേഷന്‍ ചെയ്ത കാലില്‍ നിന്ന് ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം കാല്‍ പഴുത്ത് മുള്ള് താനെ പുറത്ത് ചാടി. മാനന്തവാടി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടി ഓപ്പറേഷനും കഴിഞ്ഞ് വീട്ടിലേക്ക് വിട്ട അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന്‍ വിനീത ദമ്പതികളുടെ മകന്‍ നിദ്വൈതിനാണ് ഈ ദുര്‍ഗതി.

 

അഞ്ചുകുന്ന് വിദ്യാനികേതന്‍ സ്‌കൂളില്‍ 4-ാം ക്ലാസില്‍ പഠിക്കുന്ന നിദ്വൈതിനെ കാലില്‍ മുള്ള് തറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നിനാണ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.അന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി പോന്ന കുട്ടിക്ക് വേദന കുറയാത്തതിനെ തുടര്‍ന്ന് വീണ്ടും 6 മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വേണ്ടവിധത്തില്‍ ചികിത്സ നല്‍കാതെ 4 ദിവസം അഡ്മിറ്റ് ചെയ്യുകയും ഒടുവില്‍ എക്‌സറേ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എക്‌സ്‌റേയില്‍ കാല്‍പാദത്തില്‍ എന്തോ തറച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് എടുക്കുന്നതിന് സംവിധാനങ്ങള്‍ ഇവിടെ ഇല്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഇതു പ്രകാരം കഴിഞ്ഞ 10 ന് വീട്ടില്‍ പോലും പോകാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി. എക്‌സറേയില്‍ കണ്ട പ്രകാരം കാലില്‍ തറച്ച ‘മുള്ള് എടുക്കുന്നതിന് 11-ാം തീയതി സര്‍ജറി നടത്തി 17 ന് തിരിച്ച് വീട്ടില്‍ വീടുകയും ചെയ്തു. ഇനി വേദന വന്നാല്‍ വീണ്ടും സര്‍ജറി നടത്തണമെന്നും പറഞ്ഞാണ് ഡിസ്ചാര്‍ജ് നല്‍കിയത്. എന്നാല്‍ വീട്ടില്‍ എത്തിയിട്ടും വേദനക്ക് ശമനമുണ്ടായില്ല. 21 ന് രാവിലെ വേദന കൊണ്ട് പുളഞ്ഞ മകന്റെ കാലിലെ കെട്ട് അഴിച്ചപ്പോള്‍ സര്‍ജറി ചെയ്ത ഭാഗത്തിന് കുറച്ച് മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തളളി നില്‍ക്കുന്നതായും കണ്ടു. പിതാവ് രാജന്‍ പഴുപ്പ് തുടച്ചു മാറ്റിയ ശേഷം ചെറിയ കത്രിക ഉപയോഗിച്ച് പൊന്തി നില്‍ക്കുന്ന വസ്തു ഇളക്കിയപ്പോള്‍ ഒന്നര സെന്റിമീറ്റര്‍ നിളമുള്ള മുളയുടെ മുള്ള് പുറത്തുവന്നു. മുള്ള് പുറത്തുവന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മുള്ള് തറച്ച ഭാഗത്തല്ല സര്‍ജറി നടത്തിയതെന്ന് കണ്ടെത്തി. മുള്ളുപോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണോ മെഡിക്കല്‍ കോളജുകളില്‍ എന്നാണ് വീട്ടുകാരും നാട്ടുകാരും ചോദിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!
01:59