ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ആശങ്ക. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ കഴിയുന്നതോടെ വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആളുകള്‍ മടി കാണിക്കുന്നതാണ് കാരണം. പുതിയ വകഭേദം റിപ്പോര്‍ട് ചെയ്ത സാഹചര്യത്തിലും ആള്‍ക്കൂട്ടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കുറവില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
പുതുവര്‍ഷം പിറക്കുന്നതോടെ കോവിഡ് വ്യാപനം വലിയതോതില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടുദിവസങ്ങളായി 2000ത്തില്‍ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. പരിശോധന കുറഞ്ഞത് രോഗികളുടെ എണ്ണം കുറയാന്‍ കാരണമായെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ 24 ശതമാനം കുറവുണ്ടായിട്ടുണ്ട്.
രോഗവ്യാപന സാധ്യത മുന്നില്‍കണ്ട് ആശുപത്രികളില്‍ അടക്കം സംവിധാനങ്ങള്‍ കൂടുതല്‍ സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓക്സിജന്‍ ഉല്‍പാദനവും സംഭരണവും ഉറപ്പാക്കണം. ചികില്‍സക്ക് ആവശ്യമായ കിടക്കകള്‍, അത്യാഹിത സംവിധാനങ്ങള്‍ എന്നിവയും തയ്യാറായിരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.