ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം മുതലായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിതരണത്തിന് ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജനുവരി 28 ന് വൈകുന്നേരം 3.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
എല്ലാമതവിഭാഗത്തില്‍പ്പെട്ട ആരാധനാലയങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബി എച്ച് ഒ ജി (ബ്ലിസ്ഫുള്‍ ഹൈജനിക് ഓഫറിംഗ് ടു ഗോഡ്) പദ്ധതിയുടെ ഭാഗമായാണ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാണെങ്കിലും നിബന്ധനകള്‍ പാലിക്കണം. ഒരുവര്‍ഷത്തേക്ക് 100 രൂപയാണ് രജിസ്ട്രഷന്‍ ഫീസ്. അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണയായും രജിസ്ട്രേഷന്‍ നടത്താം. ആരാധനാലയത്തിന്റെ ചുമതല വഹിക്കുയാള്‍ /ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണചുമതലയുള്ളയാള്‍ തുടങ്ങി ഉത്തരവാദിത്വപ്പെട്ടയാളുടെ പേരിലാണ് രജിസ്‌ട്രേഷന്‍ നല്‍കുക. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍കാര്‍ഡ് എന്നിവ സഹിതം അക്ഷയ/സി.എസ്.സി സെന്റര്‍ മുഖേനയോ, നേരിട്ടോ, ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുപുറമെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിയമാനുസൃതമുള്ള വ്യക്തിശുചിത്വ ശീലങ്ങളും കര്‍ശനമായി പാലിക്കണം. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കള്‍, സംഭരണകേന്ദ്രം, പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതുമായ പാത്രങ്ങള്‍ എന്നിവ നിലവാരമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. കുടിവെള്ളത്തിന്റെ ശുദ്ധത, പാചകം ചെയ്യുന്നവരുടെ വൃത്തി തുടങ്ങിയവയും ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സി.വി ജയകുമാര്‍ അറിയിച്ചു.