തോമസ് വധം നാലാം പ്രതി റിമാന്റില്‍

0

മാനന്തവാടി: കാട്ടാന ചവട്ടിക്കൊന്നെന്ന് പ്രചരിപ്പിച്ച് തോല്‍പ്പെട്ടി അരണപ്പാറയിലെ ജീപ്പ് ഡ്രൈവര്‍ വാകേരി തോമസിന്റെ (ഷിമി 28) കൊലപാതക കേസിലെ നാലാം പ്രതി അരണപ്പാറ ചേലക്കോടന്‍ ഷാഹുല്‍ ഹമീദ് (37) നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകകേസില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തത് ഷാഹുല്‍ ഹമീദാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. 2016 ഒക്ടോബര്‍ 15ന് രാവിലെയാണ് അരണപ്പാറയില്‍ വനത്തോട് ചേര്‍ന്ന് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചതെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. ഇങ്ങനെ വരുത്താന്‍ പ്രതികള്‍ ബോധപൂര്‍വം ഇടപെടുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന പഴുതടച്ചടുള്ള പൊലീസ് അന്വേഷണമാണ് കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നാട്ടുകാര്‍ വിധിയെഴുതിയ കേസിന് വഴിത്തിരിവുണ്ടാക്കിയത്. പ്രതികള്‍ക്ക് പലപ്പോഴായി വിവിധ കാരണങ്ങളാല്‍ തോമസിനോട് ഉണ്ടായിരുന്ന വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതി ലിനു തോമസിന്റെ ബന്ധുവായിരുന്നു. പ്രജീഷിന്റെ പിതാവ് ദേവശന്‍ ചെട്ടിയെ തോമസ് മര്‍ദിച്ചതിനാല്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയും പിന്നീട് ദേവശന്‍ ചെട്ടി ആത്മഹത്യചെയ്യുകയുമുണ്ടായി. ഇത് പ്രജീഷില്‍ പ്രതികാരം വളര്‍ത്തി. നാലാം പ്രതിയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതുമായ ഷാഹുല്‍ ഹമീദിന്റെ ജീപ്പിലെ ഡ്രൈവറായിരുന്നു തോമസ്. ഒക്ടോബര്‍ 14ന് രാത്രി ഒമ്പതരയോടെ തോമസ് വീട്ടിലേക്ക് പോകുമ്പോള്‍ സൗഹൃദം നടിച്ചെത്തിയ സംഘം മദ്യപിക്കാനായി കൂട്ടി സമീപത്തുള്ള കാട്ടിലേക്ക് പോവുകയായിരുന്നു. ഒന്നിച്ചിരുന്നു മദ്യപിച്ചതിനുശേഷം ലിനു കൈയ്യില്‍ കരുതിയ കമ്പിവടികൊണ്ട് തോമസിനെ തലയ്ക്കടിച്ചു. നിസാറും പ്രജീഷും തോര്‍ത്തുകൊണ്ട് കഴുത്ത് മുറുക്കി കൊന്നതായാണ് കേസില്‍ പറയുന്നത്. തുടര്‍ന്ന് മൃതദേഹം ആനയിറങ്ങുന്ന വഴിയില്‍ കൊണ്ടിട്ട് രക്ഷപ്പെടുകയായിരുന്നു. തോമസിനെ കാണാതായതിനെ തുടര്‍ന്ന് പിറ്റേന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വനത്തോട് ചേര്‍ന്ന സ്ഥലത്ത് മൃതദേഹം കണ്ടത്. കാട്ടാനയുടെ ആക്രമണത്തിലാണ് തോമസ് കൊല്ലപ്പെട്ടതെന്ന് കരുതി നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കുയും റോഡ് ഉപരോധിക്കുയും ചെയ്തിരുന്നു. റോഡ് ഉപരോധത്തിന് പ്രതികളും നേതൃത്വം നല്‍കിയതായി പോലീസിന് വ്യക്തമായിരുന്നു. സര്‍ക്കാര്‍ തോമസിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിത നിയമനവും പ്രഖ്യാപിക്കുകയും 30000 രൂപ അടിയന്തര ധനസഹായം നല്‍കുകയും അന്ന് ചെയ്തിരുന്നു. മാനന്തവാടി എഎസ്പി ജയദേവിന്റെ മേല്‍നോട്ടത്തില്‍ സി.ഐ.ടി എന്‍ സജീവനാണ് കേസന്വേഷിച്ചത്. എ.എസ്.ഐ അജിത്കുമാര്‍, ഉസ്മാന്‍, ഹക്കിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊല നടത്തുന്നതിന് ഫോണ്‍ വഴി ദക്ഷിണാഫ്രിക്കയിലായിരുന്ന ഷാഹുല്‍ ഹമീദുമായും ഗൂഡാലോചന നടത്തിയതായി തെളിഞ്ഞിരുന്നു. കേസിലെ മറ്റ് പ്രതികളായ അരണപ്പാറ പരിത്തിപള്ളിയില്‍ ലിനു മാത്യു, വാകേരി വി.ഡി പ്രജീഷ് എന്ന ഗുണ്ടു, മണാട്ടില്‍ എം എ നിസാര്‍ എന്നിവരെ പോലീസ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഷാഹുല്‍ ഹമീദിനെ കോടതി റിമാണ്ട് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങുമെന്നും സൂചനയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!