കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

0

കല്‍പ്പറ്റ: വയനാട്ടിലെ കാപ്പികര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കര്‍ഷകര്‍ കടക്കെണിയിലേക്ക് നീങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് കര്‍ഷകര്‍ തീരാദുരിതത്തിലാണ്. കാപ്പിക്കുരു മുഴുവനും മഴയില്‍ പൊഴിഞ്ഞുപോയെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കാപ്പിക്ക് താങ്ങുവില നിശ്ചയിക്കുകയും, വിള ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുകയും, നിര്‍ത്തലാക്കിയ മുഴുവന്‍ സബ്‌സിഡികളും പുന:സ്ഥാപിക്കുകയും ചെയ്യണം. കേരള കോഫി സ്‌മോള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, കെ.സി റോസക്കുട്ടി ടീച്ചര്‍ എക്‌സ്. എംഎല്‍.എ, അഡ്വ. കാതിരി അബ്ദുറഹിമാന്‍, അഡ്വ.ജോഷി സിറിയക്ക്, വി.എ മജീദ്, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, പി.ഒ ശ്രീധരന്‍ മാസ്റ്റര്‍, എന്‍.സി കൃഷ്ണകുമാര്‍, അനില്‍ .എസ്സ് നായര്‍, പി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് രാജേഷ് സനത്, കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ:കറുത്തമണി എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുടിക്കും, മോഹിനിയാട്ടത്തിനും എ. ഗ്രേഡ് നേടിയ കൃഷ്ണപ്രിയ വിനോദിന് അസോസിയേഷന്‍ വക ഉപഹാരം ഉമ്മന്‍ചാണ്ടി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!