വാഹനാപകട കേസുകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം യൂണിറ്റുകള്‍, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

0

രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരത്തിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടങ്ങളില്‍ എഫ്ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ അപകട റിപ്പോര്‍ട്ട് 48 മണിക്കൂറിനകം നഷ്ടപരിഹാരട്രിബ്യൂണലിന് കൈമാറണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മൂന്ന് മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഇവിടെ വേണമെന്നും ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഡിവിഷന്‍ബൈഞ്ച് നിര്‍ദേശിച്ചു.അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നഷ്ടപരിഹാര ട്രിബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇടക്കാല റിപ്പോര്‍ട്ട്, വിശദമായ റിപ്പോര്‍ട്ട് എന്നിവയും ഇതോടൊപ്പം ചേര്‍ക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിച്ച നടപടികള്‍, അപകടത്തിന്റെ ഇരകള്‍, അവരുടെ നിയമപരമായ പ്രതിനിധികള്‍, ഡ്രൈവര്‍, ഉടമ, ഇന്‍ഷുറന്‍സ് കമ്പനി, ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവരെ അറിയിക്കണം.ഓരോ ട്രിബ്യൂണലിന്റെയും പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ അറിയിക്കണം. ട്രിബ്യൂണല്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം തൃപ്തികരമല്ലെങ്കില്‍ അത് വര്‍ധിപ്പിക്കാന്‍ തെളിവ് സഹിതം ആവശ്യപ്പെടാന്‍ ഇരകള്‍ക്ക് സമയം നല്‍കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന അധികൃതര്‍ സാങ്കേതിക ഏജന്‍സിയുടെ സഹായത്തോടെ വെബ് പോര്‍ട്ടല്‍ സ്ഥാപിക്കണം എന്നും കോടതി നിര്‍ദേശിച്ചു.വാഹനാപകടക്കേസുകളില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ പൊലീസ് സ്റ്റേഷനും ട്രൈബ്യൂണലും കോടതിയും കയറിയിറങ്ങുന്നവര്‍ക്ക് ആശ്വാസമാണ് പുതിയ കോടതി ഉത്തരവ്. ക്ലെയിമുകള്‍ നിശ്ചിതസമയത്തിനകം തീര്‍പ്പാക്കാനാണ് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്. അപകടമുണ്ടായാല്‍ പൊലീസും ഇന്‍ഷുറന്‍സ് കമ്പനികളും നഷ്ടപരിഹാര ട്രൈബ്യൂണലുകളും ചെയ്യേണ്ട കാര്യങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. വാഹനാപകടം സംഭവിക്കുന്നതുമുതല്‍ ഉണ്ടാകേണ്ട നടപടികളും ഇടപെടലുകളുമാണ് മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!