പരിസ്ഥിതിലോല മേഖല: പരാതി നല്‍കാനുള്ള സമയപരിധി നീട്ടിയേക്കും
പരിസ്ഥിതിലോല മേഖല സംബന്ധിച്ചു ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി നീട്ടും. ഈ മാസം 23 വരെയാണ് നിലവില്‍ സമയപരിധി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ (കെഎസ്ആര്‍ഇസി) ഉപഗ്രഹ സര്‍വേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ജനവാസമേഖലകളെക്കുറിച്ച് ആശയക്കുഴപ്പവും പരാതികളും കണക്കിലെടുത്താണ് സമയപരിധി നീട്ടുന്നത്.
23 സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയില്‍ (ഇഎസ്ഇസെഡ്/ബഫര്‍സോണ്‍) ഉള്‍പ്പെടുന്ന ജനവാസമേഖലകളും മറ്റും നിര്‍ണയിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ ചെയര്‍മാനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് ഇമെയിലിലൂടെയും തപാലിലൂടെയും പരാതികളും അഭിപ്രായങ്ങളും അറിയിക്കാന്‍ നിര്‍ദേശിച്ചത്. സമയപരിധി നീട്ടുന്നത് സജീവ പരിഗണനയിലാണെന്നും സമിതിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 20ന് ഓണ്‍ലൈനായി നടക്കുന്ന വിദഗ്ധസമിതി യോഗത്തില്‍ ഇതില്‍ തീരുമാനമുണ്ടാകും. രണ്ടാഴ്ചത്തേക്കെങ്കിലും നീട്ടുമെന്നാണ് സൂചന. ഇന്നലെ വിദഗ്ധസമിതി യോഗം ചേര്‍ന്നില്ല. ഇന്നലെ വരെ എണ്ണൂറിലേറെ പരാതികളാണ് വനം വകുപ്പില്‍ ലഭിച്ചത്. പരാതികള്‍ പരിശോധിച്ച ശേഷമാകും കുടുംബശ്രീ സഹായത്തോടെ ഭൗതിക സ്ഥല പരിശോധന (ഫീല്‍ഡ് സര്‍വേ) ആരംഭിക്കുക. പരിശോധന ആരംഭിക്കുന്ന തീയതിയെക്കുറിച്ചും വിദഗ്ധസമിതി തുടര്‍യോഗങ്ങളില്‍ തീരുമാനമെടുക്കും. 115 വില്ലേജുകളില്‍ സ്ഥലപരിശോധനയ്ക്ക് സഹായം തേടി റവന്യു വകുപ്പിന് ഇന്നലെ വനം വകുപ്പ് കത്തു നല്‍കി. റവന്യു വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മിഷണര്‍, കലക്ടര്‍മാര്‍ എന്നിവര്‍ക്കും കത്തയച്ചു.
പഞ്ചായത്തുതല ഹെല്‍പ് ഡെസ്‌ക്: വനമേഖലയ്ക്ക് മുന്‍ഗണന
പരിസ്ഥിതിലോല വിഷയത്തില്‍ കെ എസ്ആര്‍ഇസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാന്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വനമേഖലയോടു ചേര്‍ന്നുള്ള പഞ്ചായത്തുകള്‍ക്കു മുന്‍ഗണന നല്‍കും. 115 വില്ലേജുകളാണ് കേരളത്തിലെ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 70 വില്ലേജുകള്‍ വനമേഖലയോടു ചേര്‍ന്നുള്ളവയാണ്. സംശയനിവാരണത്തിനായി പഞ്ചായത്ത് ഓഫിസില്‍ത്തന്നെ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കും.ഇതിനായി നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. തദ്ദേശ വകുപ്പിലെ ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതും വനം വകുപ്പിന്റെ പരിഗണനയിലുണ്ട്. പരാതികള്‍ ഉള്ള എല്ലാ പഞ്ചായത്തുകളിലും ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കും. പഞ്ചായത്തിന്റെ നോട്ടിസ് ബോര്‍ഡുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും വനം വകുപ്പ് തദ്ദേശ വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.