ഖത്തറില്‍ ഫ്രാന്‍സ്-അര്‍ജന്റീന ഫൈനല്‍; മൊറോക്കന്‍ കുതിപ്പിന് സെമിയിലവസാനം

0

 

ബെല്‍ജിയത്തിനും സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും സംഭവിച്ചത് പോലൊന്നിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കി മൊറോക്കോയെ കെട്ടുകെട്ടിച്ച് ഫ്രാന്‍സ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് പുതുചരിത്രമെഴുതാന്‍ വന്ന ആഫ്രിക്കന്‍ കൊമ്പന്മാരെ ഫ്രാന്‍സ് വീഴ്ത്തിയത്. ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമിനായി കായിക ലോകത്തിന് ഇനിയും കാത്തിരിക്കണം.

ഫ്രാന്‍സിന്റെ നാലാം ലോകകപ്പ് ഫൈനലാണ് ഇത്. 2002ല്‍ ബ്രസീലിന് ശേഷം തുടരെ വന്ന ലോകകപ്പുകളില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ടീമായും ഫ്രാന്‍സ് മാറി. 1990ലെ ജര്‍മനിക്ക് ശേഷം ഈ നേട്ടം തൊടുന്ന ആദ്യ യൂറോപ്യന്‍ രാജ്യവുമാണ് ഫ്രാന്‍സ്. 1998, 2006, 2018, 2022 വര്‍ഷങ്ങളിലാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്.

മൊറോക്കോയുടെ തോല്‍വി അറിയാതെയുള്ള ലോകകപ്പിലെ ആറ് മത്സരങ്ങളിലെ കുതിപ്പിനും ഫ്രാന്‍സ് അറുതി വരുത്തി. 2018ലെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനോട് തോറ്റതിന് ശേഷം ഫ്രാന്‍സിനോടാണ് ലോകകപ്പില്‍ അവര്‍ പിന്നെ തോല്‍വി നേരിടുന്നത്.

തിയോ ഹെര്‍ണാണ്ടസിന്റെ അക്രോബാറ്റിക് വോളി

അഞ്ചാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസിലൂടെയാണ് ഫ്രാന്‍സ് ലീഡ് എടുത്ത് മൊറോക്കോയെ സമ്മര്‍ദത്തിലാക്കിയത്. റീബൗണ്ടില്‍ നിന്ന് അക്രോബാറ്റിക് വോളിയിലൂടെയായിരുന്നു ഗോള്‍. ഗോളിന് വഴിയൊരുക്കിയത് എംബാപ്പെയും ഗ്രീസ്മാനും ചേര്‍ന്നുള്ള മുന്നേറ്റവും.

79ാം  മിനിറ്റിലാണ് ലീഡ് ഉയര്‍ത്തി ഫ്രാന്‍സ് വീണ്ടും വല കുലുക്കിയത്. സബ്സ്റ്റിറ്റിയൂട്ട് ആയി വന്ന റന്‍ഡല്‍ കോലോ മുവാനിയാണ് എംബാപ്പെയുടെ പാസില്‍ നിന്ന് വല കുലുക്കി മൊറോക്കോയ്ക്ക് മേല്‍ അവസാന ആണിയടിച്ചത്. സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ റാന്‍ഡലിന്റെ ആദ്യ ടച്ച് തന്നെ ഗോളായി മാറി. പകരക്കാരനായി ഇറങ്ങി 44ാം സെക്കന്റിലാണ് റാന്‍ഡല്‍ വല കുലുക്കിയത്.

ഹെര്‍ണാണ്ടസിന്റെ ആദ്യ ഗോളിന് പിന്നാലെ 17ാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തും എന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ജിറൗദിന് മൊറോക്കന്‍ ഗോള്‍കീപ്പറെ മറികടക്കാന്‍ കഴിഞ്ഞെങ്കിലും പോസ്റ്റില്‍ തട്ടി അകന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മൊറോക്കോയ്ക്ക് സമനില പിടിക്കാന്‍ അവസരം തെളിഞ്ഞിരുന്നു. യാമിഖിന്റെ ഓവര്‍ഹെഡ് കിക്ക് പക്ഷെ ലോറിസ് തടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!