ന്യൂറോ സര്‍ജറിയില്‍ വയനാട് ജില്ലയില്‍ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ നടത്തികൊണ്ടാണ് ഇത്തരമൊരു കാല്‍വെപ്പ് നടത്തിയത്.മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്.
കേള്‍ക്കുമ്പോള്‍ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളില്‍ ഒന്നാണിത്. തലച്ചോറിന്റെ ചില ഭാഗങ്ങള്‍ നമ്മുടെ സംസാരം, ചലനം, കാഴ്ച, ഓര്‍മ്മശക്തി തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ട്യൂമര്‍ പോലുള്ള അസുഖങ്ങള്‍ ഈ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ആയിരിക്കുമ്പോള്‍, ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമ്പോള്‍ തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ആയതിനാല്‍ അവേക് ബ്രെയിന്‍ സര്‍ജറിയില്‍, ശസ്ത്രക്രിയ ചെയ്യുമ്പോള്‍ രോഗി ബോധാവസ്ഥയിലായതുകൊണ്ട്, സര്‍ജന് രോഗിയുമായി സംവദിയ്ക്കുവാന്‍ കഴിയും. ഡോക്ടര്‍ക്ക് രോഗിയോട് സംസാരിയ്ക്കുവാനോ, കൈകാലുകള്‍ ചലിപ്പിക്കുവാന്‍ ആവശ്യപ്പെടുവാനോ, ചിത്രങ്ങള്‍ കാണിയ്ക്കുവാനോ സാധിയ്ക്കും. ഇത് വഴി, തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ട്യൂമര്‍ നീക്കം ചെയ്യുവാനും സര്‍ജന് കഴിയുന്നു. സാധാരണയായി, തലച്ചോറിലെ ട്യൂമറുകള്‍ തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണ് ഈ ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നത്. അപസ്മാരം ചികിത്സിയ്ക്കുന്നതിനും ചിലപ്പോള്‍ ഈ രീതി ഉപയോഗിക്കാറുണ്ട്.
ന്യൂറോസര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. നവീന്‍ ഹരിദാസ്(മിനിമലി ഇന്‍വേസീവ് സ്‌പൈന്‍ സ്പെഷ്യലിസ്റ്റ്) ഡോ. ശ്രീരാജ് കെ, അനസ്‌തേസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മെല്‍വിന്‍ സിറിയക് എന്നിവര്‍ മേല്‍ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കി.
തലയ്ക്കും നട്ടെല്ലിനും ഏല്‍ക്കുന്ന എല്ലാതരം പരിക്കുകള്‍ക്കും തലചോറിലുണ്ടാകുന്ന മുഴകള്‍ക്കുമുള്ള വിദഗ്ധ ചികിത്സ നല്‍കുവാന്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗത്തിന് സാധിയ്ക്കും.
പത്രസമ്മേളനത്തില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. ശ്രീരാജ് കെ, ഡോ. നവീന്‍ ഹരിദാസ് വി, അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. അരുണ്‍ അരവിന്ദ്, അനസ്‌തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മെല്‍വിന്‍ സിറിയക്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.