ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ ന്യൂനപക്ഷ മതവിഭാഗക്കാർക്ക് പദ്ധതിയിൽ ധനസഹായം ലഭിക്കും. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ ചെയ്യാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. വീടിന്റെ അറ്റകുറ്റ പ്രവർത്തികൾക്ക് 50000 രൂപയാണ് ധനസഹായം ലഭിക്കുക. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയാവണം. ബിപിഎൽ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാർ/വിവിധ ഏജൻസികളിൽ നിന്നും 10 വർഷത്തിനകം ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ട. താൽപ്പര്യമുള്ളവർ 2025-26 വർഷം ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റിൽ കുറവാണെന്ന് വില്ലേജ് ഓഫീസർ/ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനീയർ/ ബന്ധപ്പെട്ടവരിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും ജൂലൈ 31നകം കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകണം. അപേക്ഷ ഫോം www.minoritywelfare.kerala.gov.in ൽ ലഭിക്കും. ഫോൺ: 04936 202251.
യോഗ ട്രെയിനര് കൂടിക്കാഴ്ച
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി/പ്രൊജക്ടുകളിൽ യോഗ ട്രെയിനർ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗയിൽ എം എസ് സി / ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. തിരിച്ചറിയൽ രേഖ, യോഗ്യത, പ്രവർത്തി പരിചയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 27 രാവിലെ 11.30 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹോമിയോ ജില്ലാ മെഡില് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.ഫോൺ: 04936 205949.
ലാബ് അസിസ്റ്റന്റ് നിയമനം
കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് അസ്സിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിഎച്ച് എസ്സി/എംഎൽറ്റിയാണ് യോഗ്യത. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ജൂൺ 28 ന് രാവിലെ 11 ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10.30 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ പേര് രജിസ്റ്റർ രജിസ്റ്റർ ചെയ്യണം.
ഫാർമസിസ്റ്റ് നിയമനം
കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിഫാം/ ഡിഫാം, ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ജൂൺ 28 ഉച്ച 12 ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11.45 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ പേര് രജിസ്റ്റർ രജിസ്റ്റർ ചെയ്യണം.
അധ്യാപക നിയമനം
മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 23ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 204082.
കയർ തൊഴിലാളി പെൻഷൻകാർ മസ്റ്റർ ചെയ്യണം
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 25 വരെയുള്ള തീയതിക്കുള്ളിൽ മസ്റ്റർ ചെയ്യണം. ആധാർ കാർഡ്, പെൻഷൻ രേഖകളുമായി അക്ഷയകേന്ദ്രങ്ങൾ മുഖേനയാണ് വാർഷിക മസ്റ്റർ നടത്തേണ്ടത്. മസ്റ്റർ പരാജയപ്പെടുന്ന പക്ഷം മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസിൽ നൽകണം. മസ്റ്ററിങ് നടത്താത്തവർക്ക് പെൻഷൻ ലഭിക്കില്ല. ഗുണഭോക്താക്കൾ യഥാസമയം മസ്റ്റർ ചെയ്ത് പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0477 2251577.
ഗോത്രബന്ധു: മെന്റർ ടീച്ചർ നിയമനം
പ്രൈമറി ക്ലാസുകളിലെ പിന്നാക്ക പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഗോത്രബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർ നിയമനം നടത്തുന്നു. വിദ്യാർത്ഥികളുടെ ഭാഷാ പ്രശ്നം പരിഹരിക്കൽ, വിദ്യാഭ്യാസ ഉന്നമനം എന്നിവ ലക്ഷ്യമാക്കി സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ടിടിസി/ഡിഎഡ് യോഗ്യതയുള്ള, 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും, 40 വയസ് കവിയാത്തവരുമായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗക്കാർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റ് പട്ടികവർഗ വിഭാഗക്കാരെ പരിഗണിക്കും. ഗോത്ര വർഗ ഭാഷാ സംസ്കാരം, ഗോത്ര കലാരൂപങ്ങളിൽ പ്രാവീണ്യം എന്നിവ അധിക യോഗ്യത. പ്രതിദിനം 750 രൂപ വേതനം ലഭിക്കും. യോഗ്യത, ജാതി സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ജൂൺ 26 നകം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഐറ്റിഡിപി ഓഫീസിലോ സുൽത്താൻ ബത്തേരി/മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളിലോ അപേക്ഷ നൽകണം. ഫോൺ: 04936 202232.
അധ്യാപക നിയമനം
തോൽപ്പെട്ടി ഗവ. ഹൈ സ്കൂളിൽ എച്ച്എസ് ഗണിതം അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജൂൺ 23 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9946598351.
മെഡിക്കൽ ഓഫീസർ നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തി പരിചയം അഭികാമ്യം. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 25 രാവിലെ 11 ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256229.
താൽക്കാലിക നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയിൽ നഴ്സിങ് ഓഫീസർ, സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ (പുരുഷൻ) തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിഎസ്സി നഴ്സിങ് /ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് നഴ്സിങ് ഓഫീസർ തസ്തികയിലേക്കുള്ള യോഗ്യത. ഐസിയു/ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി കം മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാർ, ഇലക്ട്രിക്കൽ പ്ലമ്പിങ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ, കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർ എന്നിവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 25 ന് രാവിലെ 11 ന് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തിചേരണം. ഫോൺ: 04936 256229.
അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ എൽഎആർആർ ആക്ട് 2013 പ്രകാരമുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നടത്തുന്ന സാമൂഹ്യാഘാത പഠന റിപ്പോർട്ടിനെകുറിച്ച് പരിശോധന നടത്തുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യുയിൽ ഡോക്ടറേറ്റ് ഉള്ളവർക്കും പുനരധിവാസ പദ്ധതികളിൽ പ്രവർത്തിച്ച് പരിചയമുള്ളവർക്കും അപേക്ഷിക്കാം. ജൂൺ 25 നകം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജില്ല കളക്ടറേറ്റിൽ നേരിട്ടോ, തപാൽ മുഖേന ഡെപ്യൂട്ടി കളക്ടർ (എൽഎ) കളക്ടറേറ്റ് വയനാട്, പിൻ 673121 എന്ന വിലാസത്തിലോ ലഭ്യമാക്കണം. ഫോൺ: 04936 202251.
ജെഡിസി ബാച്ച് സ്പോട്ട് പ്രവേശനം
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2025-26 അധ്യയന വർഷം ജെഡിസി ബാച്ചിലേ ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലാണ് സീറ്റുകൾ ഒഴിവുള്ളത്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ടിസി, ഫോട്ടോ, എസ്എസ്എൽസി, ജാതി, സ്വഭാവ സർട്ടിഫിക്കറ്റുകളുമായി ജൂൺ 25ന് രാവിലെ 10 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 9744737513, 04936 293775.
ക്വട്ടേഷൻ ക്ഷണിച്ചു
മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന രക്തദാന ക്യാമ്പുകളിലേക്ക് മെഡിക്കൽ സംഘത്തെയും അനുബന്ധ സാമഗ്രികളും കൊണ്ട് പോകുന്നതിനും തിരികെ കൊണ്ട് വരുന്നതിനുമായി ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നാല് വർഷത്തിൽ താഴെ രജിസ്റ്റർ ചെയ്ത, ഏഴുപേരെ കൊണ്ട് പോകാൻ പ്രാപ്തമായ വാഹന ഉടമകൾക്ക് അപേക്ഷിക്കാം. ക്വട്ടേഷൻ ജൂൺ 26 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 04935 240264.
ടെൻഡർ ക്ഷണിച്ചു
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ലാബ് റീ എജൻ്റ്സ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 30 ന് രാവിലെ 11 നകം തരിയോട് സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിക്കണം.
സ്ക്രാപ്പ് വാഹന ലേലം
ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ’24’ പോലീസ് വകുപ്പ് സ്ക്രാപ്പ് വാഹനങ്ങൾ ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ
www.mstcecommerce.com വെബ്സൈറ്റ് മുഖേന ജൂൺ 30 രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിൽ പങ്കെടുക്കണം. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് അസിസ്റ്റന്റ് കമാൻഡറുടെ അനുമതിയോടെ വാഹനങ്ങൾ രാവിലെ 10 മുതൽ അഞ്ചുവരെ പരിശോധിക്കാം. ഫോൺ: 04936 202525.