ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍

0

സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസനം ഒരുക്കിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയിലേക്ക് ഇതാ ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം.
ജില്ലയിലെ പൊതുവിദ്യാലയത്തില്‍ ആദ്യമായി ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത് സുല്‍ത്താന്‍ ബത്തേരിഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.

സുല്‍ത്താന്‍ ബത്തേരി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ചൊവ്വാഴ്ച നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേഷ് ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു.
മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഭൗതിക സാഹചര്യങ്ങള്‍ അനിവാര്യമാണെന്നും
സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍, മത്സര പരീക്ഷകള്‍ അതിജീവിക്കാന്‍ വിവിധ കോഴ്‌സുകള്‍, കൊഴിഞ്ഞു പോക്ക് തടയാന്‍ ആവശ്യമായ പദ്ധതികള്‍ എന്നിവ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും കലാ-കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോം ജോസ്, ഷാമില ജുനൈസ്, പ്രിന്‍സിപ്പാള്‍ പി എ അബ്ദു നാസര്‍, പ്രധാനാധ്യാപിക ബിജി വര്‍ഗ്ഗീസ്, കൗണ്‍സിലര്‍മാരായ ജംഷീര്‍ അലി, സി കെ ആരിഫ്, അസീസ് മാടാല, എം സി സാബു, പിടിഎ പ്രസിഡന്റ് ടി കെ ശ്രീജന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!