താളലയം; ‘ഞങ്ങ’ ഗോത്രാത്സവത്തിന് അരങ്ങുണര്‍ന്നു

0

വയനാടിന്റെ തനത് ഗോത്രതാളവും ചുവടുമായി ‘ഞങ്ങ’ ഗോത്രോത്സവത്തിന് പൂക്കോട് എന്‍ ഊരില്‍ തുടക്കമായി. വയനാടന്‍ ഗോത്ര ഭൂമിയിലെ ഇന്നലെകള്‍ക്ക് കുട ചൂടിയ പരമ്പരാഗത കലകളുടെ അവതരണം എന്‍ ഊര് ഗോത്ര ഗ്രാമത്തിനും ആവേശമായി. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ സഞ്ചാരികളും ഗോത്രതാളത്തിനൊപ്പം ചുവടു വെച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് – വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന ‘ഞങ്ങ’ ഗോത്രവര്‍ഗ കലോത്സവം – ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍.സി.പ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ഡി.ടി.പി.സി. സെക്രട്ടറി കെ.ജി.അജേഷ്, എന്‍.ഊര് സൊസൈറ്റി സെക്രട്ടറി മണി മീഞ്ചല്‍, അഡീഷണല്‍ സി.ഇ.ഒ പി.എസ്.ശ്യാം പ്രസാദ്, ഭാരവാഹികളായ വി.ആര്‍.ബാബു, മുത്തു, കണിയാമ്പറ്റ എം.ആര്‍.എസ് സൂപ്രണ്ട് കെ. ശ്രീജ കുമാരി, അസി. എഡിറ്റര്‍ ഇ.പി.ജിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കണിയാമ്പറ്റ എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ പരമ്പരാഗത നൃത്തം, നാടന്‍പാട്ട്, തൃശ്ശിലേരി പി.കെ കാളന്‍ സ്മാരക ഗ്രോത്രകലയുടെ ഗദ്ദിക, നാടന്‍ പാട്ട് എന്നിവ ആദ്യദിനം അരങ്ങേറി. ഗേത്ര ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടന്നു.

ഇന്ന് (ഞായറാഴ്ച്ച) രാവിലെ 10.30 ന് കല്‍പ്പറ്റ ഉണര്‍വിന്റെ നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരവും, നല്ലൂര്‍നാട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, കളിമണ്‍ ശില്‍പ്പശാല എന്നിവയുണ്ടാകും. സമാപന ദിവസമായ ഡിസംബര്‍ 12 ന് രാവിലെ 10.30 മുതല്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് നടക്കും. വൈകീട്ട് 3 മുതല്‍ കല്‍പ്പറ്റ നന്തുണി മ്യൂസിക്‌സിന്റെ നാടന്‍ പാട്ട്, വട്ടക്കളി, തുടി, തെയ്യം എന്നിവയും പൂക്കോട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. എല്ലാ ദിവസവും ഗോത്ര ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!