ഇംഗ്ലീഷ് സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ചുപട; ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിയില്‍

0

ഖത്തര്‍ ലോകകപ്പിലെ ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിയില്‍. ഇംഗ്ലീഷ് നായകന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് ജയം. ഫ്രാന്‍സിനായി ഔറേലിയന്‍ ചൗമേനി, ഒലിവിയര്‍ ജിറൂദ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി ഹാരി കെയിന്‍ ആശ്വാസഗോള്‍ കണ്ടെത്തി. സെമിയില്‍ ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ഫ്രാന്‍സിന് എതിരാളി.

ആദ്യ പകുതിയുടെ പതിനേഴാം മിനിറ്റില്‍ ഔറേലിയന്‍ ചുമേനിയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍ മുന്നില്‍ എത്തിയത്. അന്റോയ്ന്‍ ഗ്രീസ്മന്റെ പാസില്‍ നിന്നായിരുന്നു ചൗമേനിയുടെ ഗോള്‍. ബോക്സിന് പുറത്ത് നിന്നുള്ള അത്യുഗ്രന്‍ ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റിനുള്ളിലേക്ക്. ഈ ലോകകപ്പില്‍ ഗ്രീസ്മന്‍ സൃഷ്ടിക്കുന്ന 16ാമത്തെ ഗോളവസരമാണിത്. ഇതോടെ ലയണല്‍ മെസ്സിക്കൊപ്പമെത്തി താരം. 2014 ലോകകപ്പിന് ശേഷം ബോക്‌സിനു പുറത്തുനിന്ന് ഇംഗ്ലണ്ട് വഴങ്ങുന്ന ആദ്യ ഗോളാണ് ചൗമേനിയുടേത്. ഈ ലോകകപ്പില്‍ ബോക്‌സിനു പുറത്തുനിന്ന് ഫ്രാന്‍സ് നേടുന്ന ആദ്യ ഗോളും ഇതുതന്നെ.

52 ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഹാരി കെയിന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ഫ്രാന്‍സ് ബോക്സിനുള്ളില്‍ സാക്കയെ വീഴ്ത്തിയത്തിനാണ് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഫ്രാന്‍സിനായി ലക്ഷ്യം കണ്ട ചൗമേനിയാണ് സാക്കയെ ഫൗള്‍ ചെയ്തത്. ഒലിവിയര്‍ ജിറൂദിന്റെ ഹെഡറിലാണ് ഫ്രാന്‍സ് 78ാം മിനിറ്റില്‍ ലീഡ് തിരിച്ചു പിടിച്ചു. ഫ്രഞ്ച് ബോക്‌സില്‍ ഹാരി കെയിന്‍ നയിച്ച നീക്കങ്ങള്‍ പലതും അവസാന ലക്ഷ്യത്തിനരികെ നിര്‍ഭാഗ്യം വഴിമുടക്കി. ഒരു ഗോള്‍ പിന്നില്‍ നില്‍ക്കെ 84ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നായകന്‍ ഹാരി കെയിന്‍ പുറത്തേക്കടിച്ചത് ഇംഗ്ലണ്ട് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ അവിശ്വസനീയമായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!