സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 10.83 ലക്ഷം രൂപയുടെ തട്ടിയെടുത്തു

0

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുപയോഗിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ അസംപ്ഷന്‍
ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 10.83 ലക്ഷം രൂപ തട്ടിയെടുത്തു.സ്വകാര്യ ബാങ്കിന്റെ ബത്തേരി ബ്രാഞ്ചിലുള്ള രണ്ട് അക്കൗണ്ടുകളില്‍ നിന്ന് ഈമാസം മൂന്നിനാണ് അജ്ഞാതര്‍ ഓണ്‍ലൈന്‍വഴി പണം തട്ടിയെടുത്തത്.ഒരു അക്കൗണ്ടില്‍നിന്നും രണ്ട് തവണകളായി 6.83 ലക്ഷം രൂപയും, മറ്റൊരു അക്കൗണ്ടില്‍ നിന്നും 4 ലക്ഷം രൂപയുമാണ് ആശുപത്രി അധികൃതര്‍ അറിയാതെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്. ആശുപത്രിയിലെ രോഗികള്‍ ഓണ്‍ലൈനായി അയക്കുന്ന പണം അക്കൗണ്ടിലെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്നും ലക്ഷങ്ങള്‍ നഷ്ടമായ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടന്‍തന്നെ ബാങ്കില്‍ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഈ അക്കൗണ്ടില്‍നിന്നും ഉടന്‍തന്നെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും പിന്നീട് ഹവറയിലുള്ള എ.ടി.എമ്മുകളില്‍നിന്നും പണം പിന്‍വലിച്ചതായുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രി അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വ്യാജ രേഖകളുപയോഗിച്ചെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ എറണാകുളത്തുനിന്നാണ് ഡ്യൂപ്ലീക്കേറ്റ് സിം എടുത്തതെന്നും കണ്ടെത്തി.യഥാര്‍ത്ഥ ഫോണ്‍നമ്പര്‍ എടുക്കാനായി ഉപയോഗിച്ച ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് വ്യാജമായി നിര്‍മിച്ചാണ് സിം എടുക്കാനായി തട്ടിപ്പുകാര്‍ ഉപയോഗിച്ചത്. ആശുപത്രിയുടെ അക്കൗണ്ടുകളില്‍നിന്നും പണം നഷ്ടമായ അന്നുതന്നെ വിവരം അറിഞ്ഞിട്ടുണ്ടെന്നും, ഇടപാടുകളെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!